Zygo-Ad

പാനൂരിലെ പഴയ വ്യാപാരസമുച്ചയം ഇനി ഓർമ്മ, കെട്ടിടം പൊളിച്ചുതുടങ്ങി.


പാനൂർ : പാനൂർ പഞ്ചായത്ത് 1991-ൽ ടൗണിൽപണിത വ്യാപാര സമുച്ചയം പൊളിച്ചുതുടങ്ങി. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലാണ് മീൻചന്തയുൾപ്പെടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിൽ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. പകരം പുതിയ കെട്ടിടം പണിയണമെന്നത് മുൻപേയുള്ള ആവശ്യമായിരുന്നു.കെട്ടിടത്തിന്റെ ഉൾഭാഗമാണ് പൊളിച്ചുതുടങ്ങിയത്. അന്ന് പഞ്ചായത്തായപ്പോൾ പണിത കെട്ടിടം ഇപ്പോൾ നഗരസഭയിലാണ്. താഴത്തെ നിലയിലെ തൂണുകളും മുകൾ ഭാഗത്തെ കോൺക്രീറ്റ് സ്ലാബും പൊട്ടിപ്പൊളിഞ്ഞനിലയിലായിരുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ സൺഷെയ്ഡ് നടപ്പാതയിലേക്ക് അടർന്നു വീണിരുന്നു. ആളപായമുണ്ടായില്ല.

താഴത്തെ നിലയിലാണ് മീൻ ചന്ത പ്രവർത്തിച്ചിരുന്നത്. തൂണുകളും മുകളിലത്തെ സ്ലാബും തുരുമ്പിച്ച് തീർത്തുംഅപകടാവസ്ഥയിലായതിനെത്തുടർന്ന് നാലു വർഷം മുൻപ്‌ മീൻചന്ത ഒഴിപ്പിച്ചിരുന്നു. അടുത്ത കെട്ടിടത്തിന്റെ ഇടനാഴിയിലാണ് കുറച്ചുപേർ ഇപ്പോൾ മീൻ കച്ചവടം തുടർന്നവന്നത്. ഒരു വർഷം മുൻപ് മറ്റ് സ്ഥാപനങ്ങളെയും വ്യാപാരികളെയും ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിന് ചുറ്റുമായി മറ്റു വ്യാപാര സ്ഥാപനങ്ങളുമുണ്ട്. 2022-23 ലെ പാനൂർ നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ടിൽ കെട്ടിടത്തിന്റെ ബലക്ഷയംമൂലം സംഭവിക്കുന്ന നഷ്ടങ്ങൾക്ക് നഗരസഭാധികൃതർ ഉത്തരവാദികളാകുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.അതേസമയം നഗരസഭ വ്യാപാരസമുച്ചയം പൊളിച്ചു മാറ്റാൻ രണ്ടുതവണ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതുകാരണം പൊളിച്ചുമാറ്റലും വൈകി.

ഇപ്പോൾ 3,66,000 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. പുതിയ കെട്ടിടം ഇവിടെത്തന്നെ നിർമിക്കാനാണ് പദ്ധതി. വലിയ കോൺക്രീറ്റ് സ്ലാബുകളും തൂണുകളും ഉൾപ്പെടുന്ന കെട്ടിടം പൂർണമായും പൊളിച്ചുമാറ്റാൻ ദിവസങ്ങളെടുക്കുമെന്നാണറിയുന്നത്. പൊടിശല്യവും അപകട സാധ്യതയും കണക്കിലെടുത്ത് കെട്ടിടത്തിന് പരിസരത്തുള്ള വ്യാപാരികൾ മുൻകരുതൽ എടുക്കണമെന്ന് നഗരസഭ അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ