Zygo-Ad

പുല്ലൂക്കരയിലുള്ള വണ്ണാത്തിത്തോടിലെ മലിനജലം: അധികൃതർ പരിശോധന നടത്തി

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയിലുള്ള വണ്ണാത്തിത്തോട്ടിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാകുന്ന സംഭവത്തിൽ അന്വേഷണത്തിന് പൊതുമരാമത്ത് അധികൃതരെത്തി. നാട്ടുകാരുടെ നിരന്തരമായ പരാതിയിലാണ് ഉദ്യോഗസ്ഥരെത്തിയത്. പാലത്തിന്റെ അടിത്തറയിൽ ചാലുകളുണ്ടാക്കി കോൺക്രീറ്റ് ചെയ്ത് വെള്ളം ഒഴുക്കാനാകുമേയെന്ന കാര്യം പരിശോധിക്കാമെന്ന് സംഘം നാട്ടുകാർക്ക് ഉറപ്പുനൽകി.

അസി. എൻജിനിയർ കെ.പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം പരിശോധിച്ചത്. റോഡുമായി ബന്ധപ്പെട്ട തുടർപ്രവർത്തനസമയത്ത് ശാസ്ത്രീയമായ പരിഹാരനടപടികളെക്കുറിച്ച് ആലോചിക്കാമെന്നും ശക്തമായ മഴ കഴിഞ്ഞാൽ മാത്രമേ നടപടികൾ തുടങ്ങാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞവർഷത്തെ വേനലിൽ നാലുപുരക്കൽ ഭാഗം മുതൽ നല്ലൂർ താഴെവരെയുള്ള തോടിന് സമീപത്തുള്ള താമസക്കാർ വീടിന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ ഭാഗത്തുള്ള വിഷ്ണുവിലാസം യു.പി. സ്കൂളിനടുത്തുവരെ വണ്ണാത്തിത്തോടിന്റെ കൈവഴികൾ എത്തുന്നുണ്ട്.

കിണർവെള്ളം കൂടി മലിനമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. തോട് കടന്നുപോകുന്ന ഒരു കി.മീ. ചുറ്റളവിൽ ദുർഗന്ധം പരക്കുന്നതാണ് ആശങ്കയുണർത്തുന്നത്.

എല്ലാവർഷവും വേനലിലുണ്ടാകുന്ന ദുർഗന്ധപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് നാട്ടുകാർ നൽകിയത്. സമരവും നടത്തിയിരുന്നു

വളരെ പുതിയ വളരെ പഴയ