പാനൂർ : കബഡി താരങ്ങളെ വളർത്തിയെടുക്കാൻ പരിശീലന പദ്ധതികളുമായി കതിരൂർ പഞ്ചായത്ത്. കതിരൂർ ഗവ. ഹൈസ്കൂളിലെ 50 പെൺകുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകും. ദേശീയ-സംസ്ഥാന കബഡി ടീമുകളിൽ കതിരൂരിന്റെ 13 പേരാണിപ്പോൾ കളത്തിലുള്ളത്. ഏതാനും വർഷ ത്തിനകം കേരളത്തിന്റെ കബഡി നഴ്സറിയായി കതിരൂരിനെ മാറ്റുകയാണ് ലക്ഷ്യം. രണ്ടരലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് സിന്തറ്റിക് മാറ്റ് വാങ്ങിയാ ണ് കളിക്കാർക്ക് മികച്ച പരിശീലന സൗകര്യമൊരുക്കിയത്.
കാലവർഷം തുടങ്ങിയതോടെ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. മഴ മാറുന്നതോടെ കതിരൂർ സ്‌കൂൾ ഗ്രൗണ്ടിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി പി സനിൽ പറഞ്ഞു. ദിവസം 300രൂപക്ക് സിന്തറ്റിക്, മാറ്റ് വാടകക്കെടുത്താണ് പരിശീലിച്ചത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് പഞ്ചായത്ത് സിന്തറ്റിക് മാറ്റ് വാങ്ങിയതോടെ കബഡിക്കാരും ഹാപ്പിയാണ്.
കബഡിയിലേക്ക് കതിരുരിനെ നയിച്ചതിന്റെ ക്രഡിറ്റ് കുഞ്ഞാലി വേറ്റുമ്മൽ കബഡി ടീമിനാണ്. കുഞ്ഞാലി വേറ്റുമ്മൽ ടീമിലെ അഞ്ചുപേർക്ക് സംസ്ഥാന ടീമിൽ സെലക്ഷൻ ലഭിച്ചതാണ് കൂടുതൽ പേരെ കബഡിയിലേക്ക് ആകർഷിച്ചത്. കെ കെ അർജുൻ, അമർജിത്ത് കെ കെ, വൈഷ്ണവ് (സീനിയർ കേരള ടീം).കെ ആർ അതുൽ (ജില്ല ക്യാപ്റ്റൻ), സോഹിൻ (ജൂനിയർ കേരള) എന്നിവരാണ് സംസ്ഥാന ടീമിൽ ഇടം നേടിയവർ. പഞ്ചായത്തിൻ നേതൃത്വത്തിൽ ആരംഭിച്ച വനിതാ കബഡി പരിശീലനത്തിലൂടെയും നിരവധി താരങ്ങളെ വള ർത്തിയെടുക്കാൻ സാധിച്ചു. കതിരൂരിലെ അഷിക സുഗതൻ സബ്ജൂനിയർ നാഷണൽ ടീമംഗമാണ്.
അൽക്ക രാജീവൻ (സീനി യർ കേരള). സനിയ അനീഷ്, സയനോര (ജൂനിയർ കേരള), ശ്രീ ശിവ, അനന്യ, അനുനന്ദ, ഋതുനന്ദ (സബ്ജ നിയർ കേരള) എന്നിവരാണ് കതിരൂരിൻ്റെ മറ്റ് അഭിമാനതാരങ്ങൾ. വേറ്റുമ്മൽ സ്വദേശി കെ കെ ഷബീർ, കെ കെ അർജുൻ എന്നിവരാണ് പരിശീലകർ. വനിത കബഡി പരിശീലനത്തിൻ്റെ ഉദ്ഘാടനവും സിന്തറ്റിക് മാറ്റ് വിതരണവും ജൂലൈ ആദ്യവാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.