പാനൂർ: മുളിയാതോട് ബോംബ് സ്ഫോടനത്തിലെ മുഖ്യപ്രതികളായ 2 സിപിഎം പ്രവർത്തകരെ പിടികൂടി പാനൂർ പോലീസ്.കർണ്ണാടക – തമിഴ്നാട് അതിർത്തിയിലെ കാരക്കോണത്ത് നിന്നാണ് മുഖ്യ പ്രതികളായ കുന്നോത്ത്പറമ്പിലെ അക്ഷയ് (28),കടുങ്ങാം പൊയിലിലെ ഷിജൽ (29) എന്നിവരെ പാനൂർ സ്ക്വാഡ് പൊക്കിയത്. ബോംബ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളാണിവർ.മൊബൈൽ ലോക്കേഷൻ വെച്ചാണ് പ്രതികളെ വലയിലാക്കിയത്.പാനൂർ സിഐ.കെ.പ്രേംസദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.പ്രതികളെ പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച്, വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്.നിലവിൽ 6 പേർ റിമാൻഡിലാണ്. സാരമായി പരിക്കേറ്റ വിനീഷ് ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സ്ഫോടനത്തിൽ വിനീഷിൻ്റെ ഇരു കൈപ്പത്തിയും തകർന്നിരുന്നു.കൂത്തുപറമ്പ് എസിപി കെ.വി.വേണുഗോപാലിൻ്റെ മേൽനോട്ടത്തിലാണ് ബോബ് സ്ഫോടനം അന്വേഷിക്കുന്നത്.