Zygo-Ad

മുളിയാത്തോടിലെ ബോംബ് സ്ഫോടനം. എൽഡിഎഫ് സ്ഥാനാർഥി ശൈലജടീച്ചറെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുന്ന പ്രചരണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സിപിഎം.

പാനൂർ: മുളിയാതോടിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും വടകര ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചറെയും അപമാനിക്കുന്ന വിധത്തിൽ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്ത്.വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തുന്നതെന്ന് പാനൂരിൽ നടന്ന പത്രസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോകൾ ദുരുപയോഗം ചെയ്‌താണ് നുണപ്രചരണം.

ബോംബ് സ്ഫോടനത്തെ സിപിഎം ശക്തമായി അപലപിച്ചതാണ്.സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും പി.ജയരാജൻ പറഞ്ഞു.ബോംബ് നിർമ്മിക്കുന്നതിനിടയിൽ സ്ഫോടനത്തിൽ പരുക്കേറ്റവർ ആരുംതന്നെ സിപിഎം പ്രവർത്തകരല്ല. മാത്രമല്ല ബി ജെ പി പ്രവർത്തകൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മാണം നടന്നത്. ഈ ബിജെപിക്കാരനാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ സി പി ഐ(എം) പ്രവർത്തകരാണ് എന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചുകൂവുന്നത്. അതിനാൽ ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

2023 ജൂലൈ 9ന് പുത്തൂരിലെ സിപിഎം പ്രവർത്തകനായ ആഷിഖിനെ ആക്രമിച്ച സംഭവം, സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എ.പി.ലീലയുടെ വീട് ആക്രമിച്ച സംഭവം എന്നിങ്ങനെ പാർടി പ്രവർത്തകർക്ക് മാത്രമല്ല ആ നാട്ടിലെ പലർക്കുമെതിരെ ആക്രമങ്ങൾ നടത്തിയതിൻ്റെ ഫലമായി പാർടി തള്ളിപ്പറഞ്ഞ ഒരു സംഘത്തെ സിപിഎം പ്രവർത്തകരാണെന്ന് ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പി.ജയരാജൻ ചോദിച്ചു. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെമ്പാടും എൽഡിഎഫിന് അനുകൂലമായ മുന്നേറ്റമാണ് കാണുന്നത്. കോൺഗ്രസിൻ്റെയും ലീഗിന്റെയും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ യു ഡി എഫ് സ്ഥാനാർഥി ബോധപൂർവ്വം നുണപ്രചരണം നടത്തുകയാണ്.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ നോമിനേഷൻ സമർപ്പണ വേളയിൽ യുഡിഎഫ് വനിതകൾ വിളിച്ച മുദ്രാവാക്യം അത്യന്തം പ്രതിഷേധാർഹമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കിയത് തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ ഹാജിറ യൂസഫ് ആണ്.ഇത് പ്രതിഷേധാർഹമാണെന്നും, നുണ പ്രചരണങ്ങൾ ജനം തിരിച്ചറിയണമെന്നും പി.ജയരാജൻ അഭ്യർത്ഥിച്ചു.നേതാക്കളായ കെ.ധനഞ്ജയൻ, കുന്നോത്ത് രവീന്ദ്രൻ, കെഇ.കുഞ്ഞബ്‌ദുള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ