Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കൊട്ടിയൂരിൽ വ്യാഴാഴ്ച പ്രക്കൂഴം.അവലളവിനുള്ള അവലുമായി സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാളുകൾ കുറിക്കുന്ന പ്രക്കൂഴം 25 ന് വ്യാഴാഴ്ച. വൈശാഖ മഹോത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും പ്രക്കൂഴ നാളിലാണ് നിശ്ചയിക്കുക.

ഇക്കരെ കൊട്ടിയൂരിലെ കുത്തോട് മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. പ്രക്കൂഴം നാലിൽ നടക്കുന്ന ഒരു ചടങ്ങാണ് അവലളവ്. കാക്കയങ്ങാട് പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ വച്ച് തയ്യാറാക്കി എത്തിക്കുന്ന അവലാണ് ഈ ചടങ്ങിൽ വെച്ച് അളക്കുക.

10 ദിവസം വൃതം നോറ്റ 15 അമ്മമാരാണ് പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ വച്ച് അവൽ തയ്യാറാക്കിയത്. ഭക്തർ നൽകിയ നെല്ല് പരമ്പരാഗത രീതിയിൽ പുഴുങ്ങി വറുത്ത് ഉരലിൽ ഇടിച്ചാണ് അവൽ തയ്യാറാക്കുന്നത്. 28 വർഷമായി ഇവിടെ നിന്നാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രക്കൂഴം ചടങ്ങിനായി അവൽ കൊണ്ടുപോകുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ അവലുമായുള്ള പത്തംഗസംഘം കാൽനടയായി കൊട്ടിയൂരിലോക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഇവർ കൊട്ടിയൂരിൽ എത്തിച്ചേരും. അവിൽ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയതോടെയാണ് പ്രക്കൂഴദിന ചടങ്ങുകൾ ആരംഭിക്കുക.
മാലൂർപടി ക്ഷേത്രത്തിൽ നിന്നും നെയ്യും എഴുന്നള്ളിച്ച് ഈ സമയം ഇക്കരെ കൊട്ടിയൂരിൽ എത്തിക്കും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..