Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാർഥികളും.

രണ്ടാം ഘട്ടമായ നാളെ രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രം​ഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം ഉപയോ​ഗിക്കുക.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമ​ഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് ആറ് മണി മുതൽ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയിൽ ഇന്ന് വൈകീട്ട് ആറ് മണി മുതലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകൾ ഉണ്ടായിരിക്കും.

സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർ/ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ /സിവിൽ പൊലീസ് ഓഫീസർമാരും ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിർവഹിക്കും.

ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസിൽ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഡ്യൂട്ടിയിൽ ഉണ്ടാകും.

ദ്രുതകർമ്മ സേനയുടെ ഒരു സംഘം വീതം എല്ലാ സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനവും ഏർപ്പെടുത്തി.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..