പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘ലൈഫ് ലൈൻ’ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് അഗ്നിരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുന്നതായി.
സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ഹിബ ഫാത്തിമ സ്വാഗതം പറഞ്ഞു.
പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ദിവുകുമാർ കെ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അബിത്ത് സുരേന്ദ്രൻ, അജേഷ് കെ. എന്നിവർ ക്ലാസുകൾ നയിച്ചു. അഗ്നിബാധയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം, രക്ഷാപ്രവർത്തന രീതികൾ, ദുരന്തനിവാരണം, അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക അറിവുകൾ പകർന്നു നൽകി. 'നോട് മി ബട് യു' എന്ന എൻ.എസ്.എസ് ആപ്തവാക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വവും സേവനസന്നദ്ധതയും സുരക്ഷാബോധവും വളർത്തുന്നതിന് സഹായകമായി.
