പാനൂർ: ആതുരസേവന രംഗത്ത് പുതിയ രാജ്യാന്തര നേട്ടം സ്വന്തമാക്കി പാനൂർ മൊകേരി സ്വദേശിനി ഡോ. ചിന്നു സുരേന്ദ്രൻ. ഓസ്ട്രേലിയയിലെ ജനറൽ പ്രാക്ടീസ് രംഗത്തെ പ്രശസ്തമായ 'RACGP Western Australia Fellowship' സ്വന്തമാക്കിയാണ് ചിന്നു അഭിമാനകരമായ നേട്ടം കൈവരിച്ചത്. നിലവിൽ ഓസ്ട്രേലിയയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് അവർ.
കോവിഡ് മഹാമാരിയുടെ രൂക്ഷമായ കാലഘട്ടത്തിൽ ദുബായിൽ നടത്തിയ മാതൃകാപരമായ ആരോഗ്യസേവനത്തിനുള്ള അംഗീകാരമായി ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസയും ഡോ. ചിന്നുവിന് ലഭിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിലെ സമർപ്പിത സേവനത്തിന് ലഭിച്ച ആദരവിന് പിന്നാലെയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ പ്രൊഫഷണൽ രംഗത്ത് ഈ പുതിയ അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
ദുബായിൽ ഐ.ടി. എൻജിനീയറായ ശരത് പത്മനാഭനാണ് ഭർത്താവ്. മൊകേരി കൂരാറ സ്വദേശിനിയായ ഡോ. ചിന്നുവിന്റെ ഈ വിജയം നാടിനും കുടുംബത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
