കേരളോത്സവം ജനകീയ ഉത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല വിളംബര ജാഥ നടത്തി. ജനപ്രതിനിധികൾ, ജീവനക്കാർ, സി ഡി എസ്-എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാമവിലാസം എച്ച് എസ് എസ്, വി പി ഓറിയന്റൽ സ്കൂളിലെ എൻ എസ് എസ്, എൻ സി സി, റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ ജാഥയിൽ അണിനിരന്നു.
ഒക്ടോബർ 26 മുതൽ നവംബർ 8 വരെയുള്ള തീയതികളിലാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്. സാംസ്കാരിക, കലാ, കായിക രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന ചൊക്ലിയിലെ മുഴുവൻ വാർഡുകളിൽ നിന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
മത്സരക്രമവും വേദികളും:
* ഒക്ടോബർ 26: ഷട്ടിൽ - മൊയാരം ഇൻഡോർ കോർട്ട്, നിടുമ്പ്രം
* ഒക്ടോബർ 27: ക്രിക്കറ്റ് - മോന്താൽ ടർഫ്
* ഒക്ടോബർ 28: ഫുട്ബോൾ - അസ്കോ (Azco) ടർഫ്, കീഴ്മാടം
* ഒക്ടോബർ 29: കബഡി - മാസ് (Mass), നിടുമ്പ്രം
* ഒക്ടോബർ 30: ചെസ്സ് ടൂർണമെന്റ് - പഞ്ചായത്ത് ഹാൾ
* ഒക്ടോബർ 31: കമ്പവലി - സ്ഫടികം ക്ലബ്ബ്, ചാത്തുപിടിക, നിടുമ്പ്രം
* നവംബർ 1: വോളിബോൾ - ആർ വി എച്ച് എസ് എസ്, കാഞ്ഞിരത്തിൽ കീഴിൽ
* നവംബർ 7: അത്‌ലറ്റിക്‌സ് - ചൊക്ലി പഞ്ചായത്ത് സ്റ്റേഡിയം
* നവംബർ 8: കലാമത്സരങ്ങൾ - വി പി ഒ എച്ച് എസ്, ചൊക്ലി
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന എന്നിവരാണ് രക്ഷാധികാരികൾ. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ചെയർമാനായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. സപ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. മോഹനൻ, വി. ഉദയൻ മാസ്റ്റർ, എ. ഉഷ, ടി. വി. മിഫ്താഹ്, സി ഡി എസ് ചെയർപേഴ്സൺ എം. കെ. റിജിന എന്നിവർ വൈസ് ചെയർമാന്മാരുമാണ്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ടി. കെ. പ്രദീപൻ വർക്കിംഗ് ചെയർമാനായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽ രാജ് ജനറൽ കൺവീനറായും ചുമതലയേറ്റു. അജീത്ത് കുമാർ പി. (ജോയിന്റ് കൺവീനർ), നിവേക് എ. പി. (കോർഡിനേഷൻ സമിതി കൺവീനർ), ഷിഗിൽ കെ. പി. (കോർഡിനേഷൻ സമിതി ജോയിന്റ് കൺവീനർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
