പാനൂർ: കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പുത്തൂർ കുണ്ടുങ്കര വയലിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ബിസ്‌മില്ല മഹലിൽ ടി. അബ്ദുഹാജിക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ സ്വന്തം വീടിന് മുന്നിലെ കൃഷിസ്ഥലത്ത് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
പ്രദേശത്ത് കാട്ടുപന്ന ശല്യം രൂക്ഷമായതോടെ, ജനങ്ങൾക്കും കൃഷിക്കും ഭീഷണിയായ പന്നികളെ കൊല്ലാൻ പഞ്ചായത്ത് അധികൃതർ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് അംഗം കെ.സി. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ സ്വീകരിച്ചത്.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് എംപാനൽ ഷൂട്ടർ വിനോദ് സി.കെ. സ്ഥലത്തെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. വാർഡ് മെമ്പർ ബിന്ദു സി.കെ., പ്രദേശവാസികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചത്ത പന്നികളെ വനംവകുപ്പിന്റെ നിയമങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മറവ് ചെയ്തു.
