ചൊക്ലി: രോഗാവസ്ഥയുടെ തളർച്ചയിൽ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നവർക്ക് പുഴയുടെ കുളിർമയും ഒത്തുചേരലിന്റെ സന്തോഷവും പകർന്ന് കക്കടവ് ബോട്ട് ജെട്ടി പരിസരത്ത് നടന്ന പാലിയേറ്റീവ് സംഗമം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ നൂറോളം രോഗികളും അവരുടെ ബന്ധുക്കളും ഒത്തുചേർന്നപ്പോൾ പ്രകൃതിരമണീയമായ കക്കടവ് തീരം സ്നേഹസംഗമത്തിന് വേദിയായി.
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.കെ. പ്രദീപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി.കെ. മോഹനൻ മാസ്റ്റർ (ബ്ലോക്ക് പഞ്ചായത്ത് അംഗം)മിസ്ഹാബ് (ബ്ലോക്ക് പഞ്ചായത്ത് അംഗം)ഖാലിദ് (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം) അസ്ലം മെഡിനോവ തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ ഓഫീസർ ഡോ. നീതു സ്വാഗതവും, പാലിയേറ്റീവ് അംഗം റിജിഷ നന്ദിയും രേഖപ്പെടുത്തി
രോഗികളുടെയും നാട്ടുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. മനസ്സിന് ഉന്മേഷം പകരുന്ന പാട്ടുകളും മറ്റ് പരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി. ചടങ്ങിൽ പങ്കെടുത്തവർക്കായി പ്രത്യേക ഭക്ഷണവും ഒരുക്കിയിരുന്നു. കക്കടവ് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഏറെക്കാലത്തിന് ശേഷം സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും കുശലം പങ്കുവെക്കാനും സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഓരോ രോഗിയും.
