പാനൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രണ്ട് പഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്ത്. സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊക്ലി പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.
ചൊക്ലി പഞ്ചായത്തിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രതിനിധിയുമായ പി. പി. മുഹമ്മദിനാണ് ഇരട്ടവോട്ട് ഉള്ളതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ചൊക്ലിയിലെ വിലാസം: ചൊക്ലി പഞ്ചായത്ത് അഞ്ചാം വാർഡ്, ആണ്ടിപ്പീടിക ഒന്നാം ബൂത്തിൽ 195 ക്രമനമ്പറിൽ ഷാലൂസ് വീട്ടിൽ അബ്ദുള്ളയുടെ മകൻ പി. പി. മുഹമ്മദ്.
പന്ന്യന്നൂരിലെ വിലാസം: പന്ന്യന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡ്, വടക്കെ പന്ന്യന്നൂർ ഗവ. എൽ. പി. സ്കൂളിലെ ഒന്നാം ഭാഗത്തിൽ 581 ക്രമനമ്പറിൽ കണിയാൻ്റവിട ഷാലൂസ് വീട്ടിൽ അബ്ദുള്ളയുടെ മകൻ പി. പി. മുഹമ്മദ്.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർഥി കള്ള സത്യപ്രസ്താവന നൽകി ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും, അതിനാൽ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും സിപിഐ എം മേനപ്രം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.
