കുന്നോത്തുപറമ്പ്: ഗ്രാമപഞ്ചായത്തുകൾ പൊതുജന സൗഹൃദ ഇടങ്ങളായി മാറണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പഞ്ചായത്ത് ഭരണകൂടവുമായി നേരിട്ട് പങ്കുവെക്കാൻ കഴിയുന്ന രീതിയിൽ പൊതുജന സൗഹൃദ മീറ്റിംഗ് ഹാൾ ഉൾപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു.
പാറാട് ടൗണിൽ നടന്ന ചടങ്ങിൽ എം.എൽ.എ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. 36 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 24.5 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയുന്നത്. പാറാട്–പാനൂർ റോഡിൽ നിലവിലെ പഞ്ചായത്ത് ഓഫീസിന് സമീപമാണ് നിർമാണം നടക്കുന്നത്.
കൺവീനർ എൻ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, ജില്ലാപഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ശാന്ത, അംഗങ്ങളായ സാദിഖ് പാറാട്, ചന്ദ്രിക പതിയന്റവിട എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.പി. അനിത, പി.കെ. മുഹമ്മദലി, പി. മഹിജ, പഞ്ചായത്തംഗം ഫൈസൽ കുലോത്ത്, പഞ്ചായത്ത് സെക്രട്ടറി എൻ.കെ. സാഗർ, മുൻ പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ. കുഞ്ഞബ്ദുള്ള, പി. ദിനേശൻ, കെ.പി. രാമചന്ദ്രൻ മാസ്റ്റർ, ടി.പി. അബൂബക്കർ, കെ.സി. വിഷ്ണു, കെ. മുകുന്ദൻ മാസ്റ്റർ, വി.പി. അബൂബക്കർ, മൊയ്‌തു പത്തായത്തിൽ എന്നിവർ പങ്കെടുത്തു.
