പെരിങ്ങത്തൂർ : ഏഴുമാസം മുൻപ് ഉദ്ഘാടനം ചെയ്ത പാനൂർ നഗരസഭയിലെ മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇപ്പോഴും പൂട്ടിയിട്ട നിലയിൽ. കഴിഞ്ഞ വർഷം ഡിസംബർ 14-ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മേക്കുന്ന് പാനൂർ സംസ്ഥാനപാതയിൽ വി.പി. സത്യൻ റോഡിലാണ് പുതിയ കെട്ടിടം. നിലവിലുള്ള പഴയ കെട്ടിടം നിലനിർത്തിയാണ് പുതിയത് നിർമിച്ചത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പഴയ കെട്ടിടത്തിൽ ഞെങ്ങിഞെരുങ്ങുന്ന അവസ്ഥയിലാണ് രോഗികളും ജീവനക്കാരുമിപ്പോൾ. കെട്ടിടത്തിന്റെ പല ഭാഗവും ചിതലരിച്ചുതുടങ്ങിയിട്ടുമുണ്ട്. ലാബ് സ്ഥിതിചെയ്യുന്ന ഭാഗത്തെ മേൽക്കൂര തകർന്നനിലയിലാണ്.
70 വർഷം മുമ്പ് ചികിത്സാസൗകര്യങ്ങൾ പരിമിതമായ കാലത്ത് മേക്കുന്നിലെ കുന്നോത്ത് നെല്ലിക്ക തറവാട്ടുകാർ ഒരു ആതുരാലയത്തിന് വേണ്ടി സൗജന്യമായി എടുപ്പിച്ചതായിരുന്നു ഈ കെട്ടിടം. 1955 മേയ് രണ്ടിന് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് തറക്കല്ലിടുകയും 1956 ഒക്ടോബർ 16-ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഉദ്ഘാടനവും ചെയ്ത ഈ കെട്ടിടത്തിലാണ് ഇപ്പോഴും ഈ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.
മുമ്പ് ഇത് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു. കെ.കെ. ശൈലജയുടെ ഇടപെടലിലൂടെ ഇത് കുടുംബാരോഗ്യ കേന്ദ്രമാവുകയും പുതിയ കെട്ടിട നിർമാണത്തിന് അനുമതിയും ലഭിച്ചു. തുടർന്ന് ആസ്പത്രി വികസന സമിതിയുടെ നിരന്തര ഇടപെടലിൽ നിലവിലെ കെട്ടിടത്തിന് പിറകിൽ വി.പി. സത്യൻ റോഡിൽ ആറുസെന്റ് ഭൂമി ലഭ്യമാക്കി. എൻഎച്ച്എം 1.35 കോടി രൂപയും ആർദ്രം പദ്ധതി വഴി 15 ലക്ഷം രൂപയും നഗരസഭാ ഫണ്ടിൽനിന്ന് 23 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. കരാർ ലഭിച്ച പിണറായിയിലെ 'പാപ്കോസ്' ആണ് പുതിയ കെട്ടിടം നിർമിച്ചത്. എല്ലാം സജ്ജമായതോടെ ഉദ്ഘാടനവും നടത്തി.
ഈ കെട്ടിടത്തിന് പ്രത്യേകം സെപ്റ്റിക് ടാങ്ക് നിർമിക്കാതെ പഴയ കെട്ടിടത്തിന്റെ ടാങ്കുമായി ബന്ധിപ്പിച്ചത് സാങ്കേതികപ്രശ്നങ്ങളുണ്ടാക്കി. ഇത് കേന്ദ്രം പൂട്ടിയിടാൻ പ്രധാന കാരണമായി. ഇപ്പോൾ പുതിയ ടാങ്ക് നിർമിക്കാൻ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 'പാപ്കോസ്' ജീവനക്കാർ വീണ്ടും ഇവിടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഇതൊക്കെ പൂർത്തിയായാലേ ഇനി കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ കഴിയൂ.
ദിവസേന 300-ലധികം രോഗികൾ വരുന്ന ആസ്പത്രിയിൽ നേരത്തേ തന്നെ സായാഹ്ന ഒപിയും ആരംഭിച്ചിരുന്നു. മൂന്ന് ഡോക്ടർമാരുടെ സേവനവും അത്യാവശ്യ രക്തപരിശോധന സംവിധാനവും ഇവിടെയുണ്ട്. ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണ്