Zygo-Ad

പാനൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്താൻ യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃയോഗത്തിൽ തീരുമാനം


പാനൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സംഗമം നടത്താൻ യുഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു.

 ആഗസ്റ്റ് 11 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ പാനൂർ താലൂക്ക് ആശുപത്രിക്ക് മുമ്പിലാണ് സമരം.

 താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കാനോ ആരോഗ്യ വകുപ്പും സർക്കാറും തയ്യാറാകുന്നില്ല. 

നേരത്തെ ആശുപത്രിക്ക് വേണ്ട സ്ഥലം നാട്ടുകാർ പിരിവെടുത്ത് സൗജന്യമായി സർക്കാറിന് നൽകാൻ തയ്യാറായെങ്കിലും പ്രാദേശികമായുള്ള സിപിഎം നേതൃത്വത്തിന്റെ പിടിവാശി കാരണം പ്രസ്തുത സ്ഥലത്ത് ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കാൻ സർക്കാർ തയ്യാറായില്ല.

 കിഴക്കൻ മേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് അഭയ കേന്ദ്രം ആയിരുന്ന ഈ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ മരുന്നോ ഇല്ല. സർക്കാർ തലത്തിൽ അടിയന്തര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

 കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന വിമാനത്താവളം റോഡ് സംബന്ധിച്ച് എംഎൽഎ നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവളം റോഡ് എന്ന് പറഞ്ഞ സ്ഥാനത്ത് എങ്ങനെയാണ് പെരിങ്ങത്തൂർ - മട്ടന്നൂർ വിമാനത്താവളം റോഡ് എന്നായി മാറിയ കാരണം എംഎൽഎയും സർക്കാരും വിശദീകരിക്കണം.

 ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റ് വീട് അടക്കമുള്ള കെട്ടിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകും എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ അതിനും സർക്കാർ തയ്യാറാകുന്നില്ല എന്ന കാര്യം യോഗം ചൂണ്ടിക്കാട്ടി. 

നൂറുകണക്കിനാളുകളെ കുടിയിറക്കാൻ മാത്രമേ ഈ റോഡ് കൊണ്ട് സഹായം ഉള്ളൂ എന്ന കാര്യം യോഗം വിലയിരുത്തി. പ്രസ്തുത വിഷയത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. 

 യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി പി എ സലാം അധ്യക്ഷത വഹിച്ചു. വി സുരേന്ദ്രൻ, കെ.പി സാജു, പി.കെ ഷാഹുൽ ഹമീദ്, വി നാസർ, ടി.പി മുസ്തഫ, പി.കെ സതീശൻ, കെ.പി ഹാഷിം, സി.കെ സഹജൻ, കെ. ലോഹിതാക്ഷൻ, കെ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ