Zygo-Ad

വിളക്കോട്ടൂരിലെ നിസാർ വധം വീണ്ടും ചർച്ചയാവുന്നു: പാർട്ടി അറിയാതെ സ്തൂപം ഉയർത്തിയത് പ്രതി ചേർക്കപ്പെട്ടവർ

 


വിളിക്കോട്ടൂർ നിസാർ വധം കാൽ നൂറ്റാണ്ടിന് ശേഷം പാർട്ടിക്ക് തലവേദനയായി വീണ്ടും വിവാദമാകുന്നു.കേസിൽ പ്രതിചേർക്കപ്പെട്ടവരാണ് പാർട്ടി കേന്ദ്രങ്ങളിൽ സ്തൂപം ഉയർത്തി രക്തസാക്ഷിത്വ  വാർഷികമാചരിച്ചത്.

നിസാർ വധക്കേസിൽ പ്രതികളാക്കപ്പെട്ട 10 പേരിൽ 7 പേർ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരും, കുടുംബാംഗങ്ങളും, ചില നാട്ടുകാരും ചേർന്നാണ്  നിസാറിൻ്റെ 25 ആം രക്തസാക്ഷിത്വ വാർഷികം  ആചരിച്ചത്. വിളക്കോട്ടൂർ, തൂവ്വക്കുന്ന്, കല്ലിക്കണ്ടി, പാറാട് എന്നിവിടങ്ങളിൽ സ്തൂപങ്ങൾ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തുകയായിരുന്നു. ആദ്യമായാണ് നിസാറിൻ്റെ രക്തസാക്ഷിത്വമാചരിക്കപ്പെടുന്നത്.

2000 ഏപ്രിൽ 23ന് പുലർച്ച 1.30ഓടെയാണ് പേരാമ്പ്ര മുതുകാട്  എസ്റ്റേറ്റ്മുക്ക് സ്വദേശിയും വിളക്കോട്ടൂരിലെ പച്ചിലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലെ ഡ്രൈവറുമായ നിസാർ, കുഞ്ഞമ്മദ് ഹാജിയുടെ വീട്ടുകോലായിൽ കൊല്ലപ്പെട്ടത്. ഈ കൊലക്കേസിൽ സി.പി.എം പ്രവർത്തകരായ 10 പേർ പ്രതികളായെങ്കിലും മുഴുവൻ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. വിളക്കോട്ടുരിലെ കണ്ണിപൊയിൽ റഷീദ് (24), പാറാട്ടെ പൊന്നത്ത് സുനിൽ (28), വളയം ചുഴലിയിലെ നരവുമ്മൽഹൗസിൽ റാവുത്തർ രാജൻ (41), വള്ള്യാട്ട് ഗോപാലകൃഷ്ണൻ (35), വടക്കയിൽ പറമ്പത്ത് എസ്. അശോകൻ (44), വിളക്കോട്ടൂരിലെ ചെറിയാണ്ടിയിൽ മായൻ ഹാജി (60), മകൻ ചെറിയാണ്ടിയിൽ അഷ്റഫ് (32), കൂട്ടായി രാജീവൻ (34), വിലങ്ങാട് കാഞ്ഞിരക്കണ്ടി കമ്പിളിപ്പാറ മുനീർ (33), പാക്കോയി വിനു (31) എന്നിവരായിരുന്നു നിസാർ വധക്കേസിലെ പ്രതികൾ. ഇവരെ തലശ്ശേരി ജില്ല സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.  ഏറെ കോളിളക്കമുയർത്തിയ കേസുകൂടിയായിരുന്നു നിസാർ വധക്കേസ്. കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിചേർക്കപ്പെട്ടവർ ഹൈക്കോടതി  ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവർക്കുൾപ്പടെ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. സി പി എം പ്രവർത്തകനായിരുന്ന നിസാറിൻ്റെ രക്തസാക്ഷിത്വ ദിനം പാർട്ടി ആചരിച്ചിരുന്നില്ല. പാർട്ടി അനുമതി കൂടാതെയാണ് നിസാർ വധക്കേസ് പ്രതികൾ പാർട്ടി കേന്ദ്രങ്ങളിൽ ഇത്തരത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തിയത്.

വളരെ പുതിയ വളരെ പഴയ