പാനൂർ: ഒരു സമൂഹത്തെ തന്നെ കാർന്ന് തിന്നുന്ന മയക്കു മരുന്നിൻ്റെ ഉപയോഗവും വിൽപ്പനയും വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ പാനൂർ സഹറ കോളേജ് ചെയർമാൻ സയ്യിദ് മഖ്ദും തങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു.
മയക്കുമരുന്ന് സംഘത്തിന് ജാതി മത വർഗ്ഗ ദേശമില്ലെന്നും ഇക്കൂട്ടർക്ക് രാഷ്ട്രീയ പിൻബലവും ആൾബലവും ഉണ്ടെന്നും, ഇക്കൂട്ടരാണ് മത കേന്ദ്രങ്ങളിലെ സജീവ സംഘാടകരാണെന്നും, മരണാനന്തര കർമ്മങ്ങളിൽ പോലും ഇവരുടെ സാന്നിധ്യം മഹത്തരമായി കാണാമെന്നും പോസ്റ്റിൽ തങ്ങൾ തുറന്നു പറയുന്നു.
വർഷങ്ങൾക്ക് മുൻപ് സഹറ സ്കൂളിൽ പഠിച്ചിരുന്ന അണിയാറത്തെ പാവപ്പെട്ട ഒരു വിദ്യാർത്ഥി കടയിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ചെണ്ടയാട്ടെ മറ്റൊരു കുട്ടിയുടെ സഹായത്തോടെ പാനൂരിലെത്തിച്ചു ക്രൂരമായി മർദ്ദിച്ച് മരിക്കാൻ കാരണമായ വിഷം കുത്തിവെച്ചു എന്നും ഇതിലെ മുഖ്യ സൂത്രധാരനെന്ന് കുടുംബം പറയുന്നവർ ഉൾപ്പെടെ മയക്കു മരുന്നു കേസിൽ പിടിക്കപ്പെട്ടിട്ടും അന്വേഷണം അട്ടിമറിച്ചതും, മരിച്ച വിദ്യാർത്ഥിയെ കൂട്ടി കൊണ്ടുപോയ ചെണ്ടയാട്ടുകാരനായ കുട്ടിയെ കുറിച്ചും അന്വേഷണം വേണമെന്നാണ് മഖ്ദും തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പെരിങ്ങത്തൂർ സ്വദേശി അൻവർമരിച്ച വിദ്യാർത്ഥിയുടെ ഭൗതിക ശരീരം തിരക്കു പിടിച്ചു കൊണ്ടു പോകാനും പോസ്റ്റ് മോർട്ടം നടത്തിച്ച് വേഗതയിൽ മറവു ചെയ്യാനും ഇവരുടെ തിരക്കു പിടിച്ച നിഗൂഢമായ കഴിവിനെയും തങ്ങൾ പരിഹസിക്കുന്നു. ഇവരെയൊക്കെ സംരക്ഷിക്കുന്ന തണൽ മരങ്ങളെ കണ്ടെത്തണമെന്നും രാഷ്ട്രീയ മേലാളന്മാരുടെ മറവിൽ ഇവരെയൊക്കെ രക്ഷപ്പെടുത്തുമെന്നും നിയമമേ.... നിയമ പാലകരെ കൊണ്ടുപോയി തൂക്കിലേറ്റൂ എന്നും ഇവൻ്റെ ഒക്കെ അടിവേരറുക്കുവാൻ ആൺകുട്ടികളില്ലാത്തതിൻ്റെ കുറവ് ആ നാട്ടിലുണ്ടെന്നും തങ്ങൾ തുറന്നടിക്കുന്നുണ്ട്.
വിദ്യാർത്ഥിയുടെ മരണ ശേഷം മത പ്രഭാഷണ വേദിയിൽ മരിച്ചു പോയ മകന് വേണ്ടി പ്രാർത്ഥിക്കാൻ എഴുത്ത് നൽകാനെത്തിയ പിതാവിനെ ആൾക്കൂട്ടത്തിന് മുൻപിൽ വെച്ച് മഹല്ലു മേലാളൻമാർ ആട്ടിയോടിച്ചതിലും, അണിയാറം പ്രദേശത്തെ അഞ്ചോളം യുവാക്കൾ സ്വദേശത്തും വിദേശത്തുമായി മാരക മയക്കുമരുന്നുകളുമായി പിടിക്കപ്പെട്ടതിൻ്റെ വാർത്തകൾ അതിന് ശേഷം അറിയാൻ കഴിഞ്ഞതുമാണ് തങ്ങളെ ഇങ്ങനെ തുറന്നെഴുതാൻ പ്രേരിപ്പിച്ചതെന്നറിയുന്നു.
മഖ്ദും തങ്ങളുടെ പോസ്റ്റ് :-
post by മഖ്ദും തങ്ങൾ
ഒരു സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുകയാണീ മയക്കുമരുന്നു സംഘം. അതിനു മത ജാതി വർഗ്ഗ ദേശമില്ല. പക്ഷെ ഇവരെ തീറ്റിപ്പോറ്റാൻ രാഷ്ട്രീയത്തിന്റെ പിൻബലവും ആൾ ബലവുമുണ്ട്. ഇക്കൂട്ടരാണ് മത കേന്ദ്രങ്ങളിലെ സജീവ സംഘാടകർ ..!
മരിച്ചിടങ്ങളിൽ ഒത്താശക്കാരിലും ഇവരുടെ സാന്നിധ്യം മഹത്തരമായി കാണാം..! കാണുന്നവർക്കും കേൾക്കുന്നവർക്കും ഇക്കൂട്ടർ മഹാന്മാരും പരിശുദ്ധാത്മാക്കളുമാണ്. ഇവരാണ് ദേശത്തിന്റെ മാറാത്ത കാൻസറായി പടർന്നു പിടിക്കുന്ന മയക്കു മരുന്നുകളുടെ മൊത്തക്കച്ചവടക്കാർ.
കുറച്ചു വർഷങ്ങൾക്കു മുമ്പ് സഹ്റ സ്കൂളിൽ പഠിച്ചിരുന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥി റോഡരികിലെ ദാമുവേട്ടന്റെ കടയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു. ആ കുട്ടിയെ ചെണ്ടയാടുള്ള മറ്റൊരു കുട്ടിയുടെ സഹായത്താൽ പാനൂരിലെത്തിച്ചു ക്രൂരമായി മർദിച്ചു.മരിക്കാൻ കാരണമായ വിഷം കുത്തിവെച്ചു എന്നു പറയപ്പെടുന്നു.
ഇതിന്റെ പിന്നിലെ മുഖ്യ സൂത്രധാരകൻ ഇവനാണെന്നു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും അന്വേഷണം വഴിമുട്ടിയതു എവിടെയാണെന്ന് മനസ്സിലാകുന്നില്ല. ഇവനെ മാത്രമല്ല;ആ കുട്ടിയെ രഹസ്യമായി കൂട്ടി കൊണ്ടു പോയ ചെണ്ടയാട്കാരനായ പയ്യനെ കുറിച്ചും അന്വേഷണം വേണം ...!
മരിച്ച കുട്ടിയുടെ ഭൗതിക ശരീരം തിരക്കു പിടിച്ചു കൊണ്ടു പോകാനും പോസ്റ്റ് മോർട്ടം നടത്തിച്ചു വേഗതയിൽ മറവടക്കാനും ഇവന്റെയൊക്കെ തിരക്കുകളിൽ തന്നെയുണ്ടായിരുന്നു വായിച്ചാൽ തീരാത്ത നിഗൂഢത.
ആരാണിവനെയൊക്കെ സംരക്ഷിക്കുന്ന തണൽ മരമെന്നു കണ്ടെത്തണം..? ഏതു കൊമ്പത്തെ രാഷ്ട്രീയ മേലാളന്മാരുടെ മറവിലും ഇവനെ പോലുള്ള തെമ്മാടികൾ രക്ഷപ്പെട്ടു കൂടാ..!
ഏത് ജയിലിലടച്ചാലും ഇറങ്ങി വരാൻ സഹായിക്കുന്ന ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥകളൊക്കെ പൊതു സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെങ്കിൽ മുക്കാലിയിൽ കെട്ടി പൊതു സമൂഹം വിചാരണ ചെയ്യേണ്ടിവരും...!!
നിയമമേ ...നിയമപാലകരെ ...! കൊണ്ടു പോയി തൂക്കിലേറ്റൂ...!! മയക്കിന്റെ മൊത്തക്കച്ചവടക്കാരെ...! അവർ ദൈവത്തിന്റെ സ്വന്തം നാടിനെ സാത്താന്റെ പറുദീസയാക്കിയിരിക്കുന്നു..🙏
വാൽക്കഷ്ണം:-ഇവന്റെയൊക്കെ അടിവേരറുക്കാൻ ആൺകുട്ടികളില്ലാത്തതിന്റെ കുറവുണ്ട് നാട്ടിൽ ...!