Zygo-Ad

കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

 


കണ്ണങ്കോട്: കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കണ്ണംകോട് വ്യാപക കൃഷി നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷി നഷ്ടപ്പെട്ട കർഷകർ വാർഡ് മെമ്പർ ഫൈസൽ കൂലോത്തിനോട് പരാതി പറയുകയും പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ഉൾപ്പെടെ വിഷയം പരാതിയായി ജനങ്ങൾ അവതരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ പ്രസ്തുത വിഷയത്തിൽ കേരള ഗവൺമെൻറ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതിയിൽ നിർമ്മാജന പദ്ധതിയുടെ നിയമപരമായ സാധ്യതകൾ അവതരിപ്പിക്കുകയും രേഖാമൂലം കത്ത് നൽകുകയും ചെയ്തു. 

ഇതിൻറെ അടിസ്ഥാനത്തിൽ ഭരണ സമിതി നിയമ സാധ്യതകൾ വിലയിരുത്തി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു.

കേരള സർക്കാരിൻറെ ഉത്തരവ് പ്രകാരം തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് ജനവാസ മേഖലയിൽ നാശനഷ്ടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗങ്ങളിൽ നിർമാർജനം ചെയ്യാൻ ഉത്തരവ് നൽകാൻ അധികാരം നൽകിയിട്ടുണ്ട്.

ഇതിൻറെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത കെ, ഭരണ സമിതിയിൽ വാർഡ് മെമ്പർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് നൽകുകയായിരുന്നു.

ലൈസൻസ് ഉള്ള ഷൂട്ടർ വിനോദ് സി.കെ എന്ന വ്യക്തിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.

പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പന്ത്രണ്ടാം വാർഡ് കണ്ണങ്കോട് കൃഷി സ്ഥലങ്ങളിൽ നാശനഷ്ടം വരുത്തിയ പന്നിയെ ഷൂട്ട് ചെയ്തു.

വാർഡ് മെമ്പർ ഷൂട്ടർ വിനോദ് സി കെ, പരിസര വാസികൾ എന്നിവർ രാത്രി 10 മണി മുതൽ പുലർച്ചെ നാലു മണി വരെ വാർഡിൻറെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് കാട്ടുപന്നികളെ കണ്ടെത്തിയത്.

 മറ്റ് വാർഡുകളിലും, ഷൂട്ടറുടെ ലഭ്യത അനുസരിച്ച് സേവനം ലഭ്യമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലത കെ അറിയിച്ചു.

വാഴകൾ, തെങ്ങിൻ തൈകൾ ഉൾപ്പെടെ എല്ലാതരം കൃഷികളും നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യം ഒഴിവാക്കാൻ നടപടികൾ ഉണ്ടായതിലെ സന്തോഷത്തിലാണ് പന്ത്രണ്ടാം വാർഡിലെ കർഷകർ, കർഷകർ നേരിടുന്ന വലിയ പ്രശ്നത്തെ പരിഹരിക്കാനായി തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ ഫൈസൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ