മേക്കുന്ന് : പ്രാദേശിക പൊതുജനാരോഗ്യ സമിതിയുടെ തീരുമാന പ്രകാരം പാനൂർ നഗര സഭ ആരോഗ്യ വിഭാഗത്തിന്റെയും മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി.
പാനൂർ മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി, മേക്കുന്ന് പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ആർ ദീപലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സതീശൻ പി.കെ, ബിനിഷ ടി.പി, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ വിഷ്ണു എന്നിവർ നേതൃത്വം നൽകി.
പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 2023 ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകുകയും പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് സി ഒ ടി പി എ നിയമപ്രകാരം പിഴ ചുമത്തുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും, പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിനു പിഴ ചുമത്തുകയും ചെയ്തു.
ജില്ലയിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്നും നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.