Zygo-Ad

നിസാര്‍ വധക്കേസ്: സി.പി.എമ്മില്‍ പുനരന്വേഷണ ആവശ്യം



പാനൂർ: പേരാമ്പ്ര മുതുകാട് യൂനിറ്റ് ഡി.വൈ.എഫ്.ഐ ഭാരവാഹി നിസാർ പാനൂരിനടുത്ത വിളക്കോട്ടൂരിലെ ഒരു വീട്ടിലെ കോലായില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എമ്മില്‍ പുനരന്വേഷണ ആവശ്യമുയരുന്നു.

2000 ഏപ്രില്‍ 23ന് പുലർച്ച 1.30ഓടെയാണ് പേരാമ്പ്ര മുതുകാട് എസ്റ്റേറ്റ് മുക്ക് സ്വദേശിയും വിളക്കോട്ടൂരിലെ പച്ചിലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലെ ഡ്രൈവറുമായ നിസാർ, കുഞ്ഞമ്മദ് ഹാജിയുടെ വീട്ടുകോലായില്‍ കൊല്ലപ്പെട്ടത്. ഈ കൊലക്കേസില്‍ സി.പി.എം പ്രവർത്തകരായ 10 പേർ പ്രതികളായെങ്കിലും മുഴുവൻ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. 

കൊലക്കേസില്‍ പ്രതിചേർക്കപ്പെട്ട സി.പി.എം അനുഭാവികളുടെ വോയ്സ് ക്ലിപ്പുകള്‍ പുറത്തു വന്നതിനെ തുടർന്നാണിത്. പ്രതികളായിരുന്ന വളയം ചുഴലിയിലെ വടക്കയില്‍ പറമ്പത്ത് എസ്. അശോകൻ, വിളക്കോട്ടൂരിലെ കൂട്ടായി രാജീവൻ എന്നിവരുടെ വോയ്സ് ക്ലിപ്പുകളാണ് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂത്തുപറമ്പിലെ ഉന്നതനായ സി.പി.എം നേതാവിനെ കാണാനെത്തിയ പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകർ നിസാർ വധവുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലാണ് നിസാർ വധക്കേസില്‍ പ്രതികളായിരുന്ന എസ്. അശോകന്റെയും കൂട്ടായി രാജീവന്റെയും വിവാദമായ വോയിസ് ക്ലിപ്പിനാധാരം. പൊയിലൂർ കരിയാരിച്ചാലില്‍ ക്വാറി സമരവുമായി ബന്ധപ്പെട്ട് ക്വാറി ഉടമ നല്‍കിയ കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പൊയിലൂരിലെ ഏതാനും ബി.ജെ.പി പ്രവർത്തകർ സി.പി.എം നേതാവിനെ കാണാനെത്തിയത്. 

സി.പി.എം പാനൂർ ഏരിയ കമ്മിറ്റി നിസാർ വധം പുനരന്വേഷണമാവശ്യപ്പെട്ട് പ്രമേയം പാസാക്കി ജില്ല കമ്മിറ്റിക്ക് നല്‍കി. ജില്ല സെക്രട്ടേറിയറ്റും ഈ പ്രമേയം അംഗീകരിച്ചു. നിസാർ കോഴിക്കോട് ജില്ലക്കാരനായതിനാല്‍ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് പ്രമേയം സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിക്ക് കൈമാറി. 

വിളക്കോട്ടൂരിലെ കണ്ണിപൊയില്‍ റഷീദ് (24), പാറാട്ടെ പൊന്നത്ത് സുനില്‍ (28), വളയം ചുഴലിയിലെ നരവുമ്മല്‍ ഹൗസില്‍ റാവുത്തർ രാജൻ (41), വള്ള്യാട്ട് ഗോപാലകൃഷ്ണൻ (35), വടക്കയില്‍ പറമ്പത്ത് എസ്. അശോകൻ (44), വിളക്കോട്ടൂരിലെ ചെറിയാണ്ടിയില്‍ മായൻ ഹാജി (60), മകൻ ചെറിയാണ്ടിയില്‍ അഷ്റഫ് (32), കൂട്ടായി രാജീവൻ (34), വിലങ്ങാട് കാഞ്ഞിരക്കണ്ടി കമ്പിളിപ്പാറ മുനീർ (33), പാക്കോയി വിനു (31) എന്നിവരായിരുന്നു പ്രതികള്‍.

വളരെ പുതിയ വളരെ പഴയ