പാനൂർ: പത്തായക്കുന്നിൽ പ്രവർത്തിച്ചു വരുന്ന വെറ്റിനറി സബ് സെന്റർ തുറന്നു കാണാനുള്ള ക്ഷീര കർഷകരുടെ സ്വപ്നം സഫലമാക്കി കൊണ്ട് മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ശ്രമ ഫലമായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
കൊമ്മേരി ആർ എ എച്ച് സി യുടെ കീഴിൽ 1986 ൽ പാട്യം ഗ്രാമ പഞ്ചായത്തിൽ പത്തായക്കുന്നിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സബ് സെന്‍ററിന് മൂന്ന് സെന്റ് സ്ഥലം കെട്ടിട നിർമ്മാണത്തിനായി സ്വകാര്യ വ്യക്തി നൽകുകയായിരുന്നു. വാടക കെട്ടിടം തകർന്നു വീഴാറായതോടെ താൽക്കാലികമായി വെറ്റിനറി ഉപ കേന്ദ്രം പത്തായക്കുന്നിലെ വാഗ്ഭടാനന്ദ സ്മാരകത്തിൽ പ്രവർത്തിക്കുകയായിരുന്നു.
ഇവിടെ പ്രവർത്തിച്ചു വരുന്ന വെറ്റിനറി ഉപകേന്ദ്രത്തിൽ ബീജ ദാന സൗകര്യം കുറവാണെന്നും, ബീജ ദാനം നടത്തിയ പശുക്കൾക്ക് ഗർഭ പരിശോധന വേണ്ട രീതിയിൽ നടത്താറില്ലെന്നും, പ്രജനന പ്രശ്നങ്ങൾ കണ്ടെത്തിയാലും വിദഗ്ധ ചികിത്സ ലഭ്യമല്ലെന്നും, പലപ്പോഴും ഇതിനൊക്കെ സ്വകാര്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ ആശ്രയിക്കേണ്ടി വരുമെന്നും ക്ഷീര കർഷകർക്ക് പരാതിയുണ്ട്. പുതിയ കെട്ടിടത്തിന് നിർമ്മാണം പൂർത്തിയായതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും എന്നാണ് കർഷകരുടെ പ്രതീക്ഷ.
മൃഗസംരക്ഷണ വകുപ്പ് 5 ലക്ഷം രൂപയാണ്കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിരുന്നത്. തുക പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണം മുടങ്ങി കെട്ടിടം കാടുമൂടി കിടന്നു. സാങ്കേതിക തടസ്സം പരിഹരിച്ച് പാട്യം ഗ്രാമ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 7 ലക്ഷവുംകെട്ടിടത്തിന് അനുവദിച്ചിരുന്നു.
ആകെ 12 ലക്ഷം രൂപ ഫണ്ട് ചെലവിലാണ് കെട്ടിട നിർമ്മാണം നടന്നത്. ഉച്ചക്ക് വെറ്റിനറി സബ് സെന്റർ കെ.പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ക്ഷീര കർഷകർക്ക് ആവശ്യമായ കിടാരികളെ നൽകാൻ എല്ലാ ജില്ലകളിലും കിടാരി പാർക്കുകൾ കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗോവർദ്ധനി പദ്ധതി നടപ്പാക്കുന്നതിലൂടെ ക്ഷീര കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് അവർ വിശദമാക്കി.
കെപി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ സ്വാഗതം പറഞ്ഞു. ക്ഷീര കർഷകരായ ഗോവിന്ദൻ മലപ്പിലായി, ടി. കെ രാധാകൃഷ്ണൻ എന്നിവരെയും വെറ്റിനറി സെന്റർ നിർമ്മിക്കുന്നതിന് പി.വി ആബുവിന്റെ സ്മരണക്ക് സ്ഥലം സംഭാവന ചെയ്ത കുടുംബാംഗമായ പി. കെ.ടി മുഹമ്മദിനെയും കോൺട്രാക്ടർ ടി.അജിത്തിനെയും വാഗ്ഭടാനന്ദ വായനശാല പ്രതിനിധി അംജിത്തിനെയും ഉപഹാരം നൽകി ആദരിച്ചു.
യു.പി ശോഭ, കെ.പി പ്രദീപ് കുമാർ, ടി.സുജാത, ടി.ദാമോദരൻ, മുഹമ്മദ് ഫായിസ് തങ്ങൾ, ശോഭ കോമത്ത്, പി. മജീഷ, പി കെ പത്മരാജ്, ഡോ.എം. വിനോദ് കുമാർ, സുജിത് കുമാർ പയ്യമ്പള്ളി, ടി.കെ അരവിന്ദാക്ഷൻ, വി.പി ഷഹേഷ്, ടി.വി.കെ ഇബ്രാഹിം, എം.സി രാഘവൻ എന്നിവർ സംസാരിച്ചു. ഡോ. കെ പി അനിൽകുമാർ നന്ദി പറഞ്ഞു.