Zygo-Ad

ഞായറാഴ്ച തീപ്പിടിത്തമുണ്ടായ കടവത്തൂർ ടൗണിലും പരിസരങ്ങളിലും രാവിലെ മുതൽതന്നെ ഉയർന്ന വോൾട്ടേജുണ്ടായതായി നാട്ടുകാരും വ്യാപാരികളും.


പാനൂർ:  ഞായറാഴ്ച തീപ്പിടിത്തമുണ്ടായ കടവത്തൂർ ടൗണിലും പരിസരങ്ങളിലും രാവിലെ മുതൽതന്നെ വ്യാപകമായി വോൾട്ടേജ് വ്യതിയാനമുണ്ടായതായി ചില വീട്ടുകാരും വ്യാപാരികളും പറഞ്ഞു. വിവരം യഥാസമയം പെരിങ്ങത്തൂർ വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ചുപറഞ്ഞതായി നാട്ടുകാരായ കെ.കെ. സജീവ്കുമാറും എ.പി. ഷമീറും പറഞ്ഞു. ഫ്രിഡ്‌ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളിൽനിന്ന്‌ ഉയർന്ന തോതിൽ ശബ്ദവും പൊട്ടലുമുണ്ടായിരുന്നു. വോൾട്ടേജ് വ്യതിയാനമുണ്ടായിരുന്നോയെന്ന് പരിശോധിക്കുമെന്ന് വൈദ്യുതി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു. കടവത്തൂർ ടൗണിൽ തീപ്പിടിത്തമുണ്ടായ സ്ഥലത്ത് രാത്രിയിലും അഗ്നിരക്ഷാസേനയുടെ ഒരുയൂണിറ്റ് ക്യാമ്പ് ചെയ്യുന്നുണ്ട്.


കടവത്തൂർ ടൗണിലെ വ്യാപാരികൾ കുറച്ചുകാലമായി വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തിൽ ടൗൺ പൂർണമായും മുങ്ങി. കടകളിൽ വെള്ളം കയറിയിരുന്നു. ഇപ്പോൾ തീപ്പിടിത്തമുണ്ടായ സ്ഥാപനങ്ങളിലുൾപ്പെടെ അന്ന് വെള്ളം കയറി നാശനഷ്ടമുണ്ടായി. മെട്രൊ ഫാൻസി കടയിൽതന്നെ മാസങ്ങൾക്കു മുൻപ്‌ മോഷണവും നടന്നിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ടും തുടർനടപടികളെക്കുറിച്ചും യോഗം ചേർന്ന് തീരുമാനത്തിലെത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് അബ്ദുൾ നാസർ അറിയിച്ചു.മെട്രോ ഫാൻസി ആൻഡ് ഫൂട്‌വെയർ ഉടമ പുനത്തിൽ മുനീർ പറഞ്ഞറിയിക്കാനാവാത്ത സങ്കടത്തിലാണ്. കട തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. പത്തോളം പേർ ജോലിക്കാരായുണ്ട്. കത്തിയമർന്ന കടയുടെ മുകളിലും താഴെയുമായി മുനീറിന് 11 മുറികളുണ്ട്. എല്ലാ മുറികളിലും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നിറച്ചിരുന്നു. മാസങ്ങൾക്ക് മുൻപ്‌ കള്ളൻ കയറി. കഴിഞ്ഞമാസം രണ്ടുദിവസം വെള്ളപ്പൊക്കമുണ്ടായി. ഒരുസാധനംപോലും അവശേഷിക്കാതെ ഇപ്പോൾ എല്ലാം തീ വിഴുങ്ങി. കടയുടെ മുന്നിൽ തലതാഴ്‌ത്തി നില്ക്കുകയായിരുന്നു മുനീർ. സ്വർണാഞ്ജലി ഗോൾഡ് എം.ഡി. ഖലീൽ അഹമ്മദ്, ഡാസിൽ ഫാൻസി ഉടമ മഷൂദ് കൂത്തുപറമ്പ്, റൂബി പർദയുടെ പാർട്ണർ പ്രദീപ് എന്നിവരുടെ കടകളാണ് കത്തിനശിച്ചത്.
കടവത്തൂർ ടൗണിനെ വെള്ളപ്പൊക്കത്തിലാഴ്ത്തിയ വിളിപ്പാടകലെയുള്ള എലിത്തോട്ടിലെ വെള്ളം അഗ്നിരക്ഷാസേനയ്ക്ക് തുണയായി.

തീയണയ്ക്കാൻ നിരവധി തവണയാണ് ഇവിടെനിന്ന് സേനയുടെ ഏഴ് വാഹനങ്ങളും വെള്ളം ശേഖരിച്ചത്. വെള്ളത്തിനുവേണ്ടി ദൂരെയൊന്നും പോകാതെതന്നെ രക്ഷാദൗത്യം ക്രമീകരിക്കാൻ ഇവർക്ക് കഴിഞ്ഞു.
കെ.പി. മോഹനൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് വി.കെ. തങ്കമണി, വൈസ് പ്രസിഡൻറ് നെല്ലൂർ ഇസ്മയിൽ, വ്യാപാരി സംഘടനാ നേതാക്കൾ എന്നിവർ പൂർണസമയവും കടവത്തൂരിൽതന്നെയുണ്ടായി.
വളരെ പുതിയ വളരെ പഴയ