Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു.

കണ്ണൂർ: ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു. കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്. എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ബുദ്ധിമുട്ടിൽ കൂടെയുള്ളവരെ ചേർത്ത് നിർത്തുന്നതാണ് എറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിയുന്നു. 7 വർഷം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ഭർത്താവ് പ്രദീപന്‍റെ മരണം. രണ്ട് കുട്ടികൾ. തട്ടിക്കൂട്ടിയ കൂരയിൽ ഉറപ്പില്ലാത്ത ജീവിതമായിരുന്നു ഇത്രയും കാലം.

ഇവരുടെ ദുരിതം കണ്ടറിഞ്ഞ് വീടൊരുക്കാൻ ജനകീയ കമ്മിറ്റിയുണ്ടാക്കി. നിരവധിപേർ സഹായവുമായി രംഗത്തെത്തി. പ്രദേശത്തെ ആർഎസ്എസ് കാര്യാലയം വീടിന്‍റെ കോൺക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്‍റെ പി. കൃഷ്ണപിളള സാംസ്കാരിക കേന്ദ്രം ടൈൽസ് സ്പോൺസർ ചെയ്തു. നാട്ടുകാരൻ വി.പി.സമദ് ചുമര് തേയ്ക്കാനുളള പണം നൽകി. വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു. കതിരൂർ സഹകരണ ബാങ്ക് മുതൽ കെഎസ്ഇബി വരെ ഒപ്പം നിന്നു. എട്ട് മാസം കൊണ്ട് എട്ട് ലക്ഷം ചെലവിൽ സവിതക്ക് വീടായി.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..