Zygo-Ad

പുല്ലൂക്കര മണികണ്ഠൻ കോവിൽ ഉത്സവത്തിന് ഒപ്പനയ്ക്ക് വിലക്ക്; പ്രസിഡന്റിന്റെ നിലപാടിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം


പുല്ലൂക്കര: മണികണ്ഠൻ കോവിൽ അമ്പലത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അമ്പലക്കമ്മിറ്റി പ്രസിഡന്റ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിനെതിരെ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും പ്രതിഷേധം ശക്തമാകുന്നു. ഉത്സവത്തോടനുബന്ധിച്ച് ഒപ്പന അവതരിപ്പിക്കുന്നതിനെ എതിർത്ത പ്രസിഡന്റിന്റെ പിടിവാശിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

താൻ ഈ സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം അമ്പലത്തിൽ ഒപ്പന നടത്താൻ അനുവദിക്കില്ലെന്നും, അങ്ങനെ നടത്തിയാൽ താൻ രാജിവെച്ച് പോകുമെന്നുമായിരുന്നു പ്രസിഡന്റിന്റെ നിലപാട്. കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും മുൻകാലങ്ങളിലേതുപോലെ ആഘോഷങ്ങൾ ഭംഗിയായി നടത്തണമെന്ന അഭിപ്രായക്കാരായിരിക്കെയാണ് പ്രസിഡന്റ് ഇത്തരമൊരു നിലപാട് എടുത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാലാകാലങ്ങളായി ജാതി-മത ഭേദമന്യേ നാട്ടുകാർ ഒത്തൊരുമയോടെയാണ് അമ്പലത്തിലെ ഉത്സവങ്ങളും കലാപരിപാടികളും ആഘോഷിച്ചു വന്നിരുന്നത്. ഇത്തവണ മാത്രം ഇത്തരമൊരു തീരുമാനം ഉണ്ടായതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് ഗൂഢലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നാട്ടിലെ ജനങ്ങളുടെ ഐക്യത്തിനും ഭക്തിക്കുമായി പൂർവ്വികർ നിർമ്മിച്ചു നൽകിയ ക്ഷേത്രത്തിന്റെ പാരമ്പര്യത്തിന് കളങ്കം വരുത്തുന്ന രീതിയിലുള്ള നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ഭക്തജനങ്ങൾ വ്യക്തമാക്കി.

പ്രസിഡന്റിന്റെ ഈ നിലപാട് കാരണം ഇത്തവണത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികൾ പൂർണ്ണമായും റദ്ദാക്കേണ്ട സാഹചര്യമാണുണ്ടായത്. യുവാക്കൾ സ്വന്തമായി പണം സമാഹരിച്ച് നടത്താൻ തീരുമാനിച്ചിരുന്ന 'മെഗാ ഇവന്റ്' പോലും ഒഴിവാക്കേണ്ടി വന്നതിൽ നാട്ടുകാർ വലിയ വേദന പ്രകടിപ്പിച്ചു.

ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകുന്ന കമ്മിറ്റി നടത്തുന്ന ഉത്സവ പിരിവുകളോട് സഹകരിക്കരുതെന്നും, അടുത്ത ജനറൽ ബോഡി യോഗത്തിൽ മുഴുവൻ ഭക്തജനങ്ങളും പങ്കെടുത്ത് കമ്മിറ്റിയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വർഗീയതയ്ക്കും രാഷ്ട്രീയ താല്പര്യങ്ങൾക്കും അതീതമായി നാടിന്റെ ഒത്തൊരുമയോടെ ഉത്സവങ്ങളും കലാപരിപാടികളും പഴയതുപോലെ നടത്താൻ എല്ലാവരും ഒത്തുചേരണമെന്നും നാട്ടുകാർ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ