പാനൂർ (കണ്ണൂർ): കൂത്തുപറമ്പ് രക്തസാക്ഷി കെ.കെ. രാജീവന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്കായി കെ.കെ. രാജീവൻ കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മാതൃഭൂമി തൃക്കരിപ്പൂർ ലേഖിക പി. ശിൽപയ്ക്ക്. 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നവംബർ 25-ന് വൈകിട്ട് പാനൂരിൽ ചേരുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് സമ്മാനിക്കും.
‘കാലിത്തൊഴുത്ത് കുടിലാക്കി ഒരു അമ്മയും മകനും’ എന്ന ശ്രദ്ധേയമായ വാർത്താ റിപ്പോർട്ടാണ് പി. ശിൽപയെ അവാർഡിന് അർഹയാക്കിയത്. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, മാധ്യമപ്രവർത്തകരായ ഒ.സി. മോഹൻരാജ്, പി. ദിനേശൻ, അനീഷ് പാതിരിയാട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പയ്യന്നൂർ മാതമംഗലം പെരുവമ്പ സ്വദേശിയാണ് പി. ശിൽപ. പരേതനായ പി.പി. ജനാർദ്ദനന്റെയും പി. വത്സലയുടെയും മകളാണ്. വിദ്യാർത്ഥിനിയായ പി. വർഷ സഹോദരിയാണ്.
