പാനൂർ: പാനൂർ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തി ഒരു വർഷം പൂർത്തിയാകുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. കെട്ടിട നിർമാണത്തിനായി നീക്കിവെച്ച സ്ഥലം നിലവിൽ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയ നിലയിലാണ്. ശിലാസ്ഥാപന വേളയിൽ സ്ഥാപിച്ച ബോർഡ് പോലും നിലവിൽ സ്ഥലത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കെട്ടിട നിർമാണം അടിയന്തരമായി ആരംഭിക്കാൻ സാധിച്ചില്ലെങ്കിലും പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് പ്രദേശം ശുചീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നഗരസഭാ ഓഫീസ് കെട്ടിട പദ്ധതി എന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിലും നാട്ടുകാർ ആശങ്ക പങ്കുവെക്കുന്നുണ്ട്.
