പാനൂർ :കരിയാട് പുളിയനമ്പ്രത്ത് നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം തുടരുകയാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. കൂത്തുപറമ്പ് എംഎൽഎ പി കെ പ്രവീൺ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അന്വേഷണ പുരോഗതി വ്യക്തമാക്കിയത്.
ആഗസ്റ്റ് എട്ടിനാണ് കരിയാട് ശിവപ്രിയത്തിൽ ജിഗീഷിന്റെ മകൻ ശിവസൂര്യയെ കാണാതായത്. സംഭവദിവസം തന്നെ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 16ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവുപ്രകാരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശങ്ങളും കുട്ടിയുടെ വിവരങ്ങളടങ്ങിയ ക്രൈം കാർഡും കൈമാറിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും സിസിടിവി ദൃശ്യങ്ങളും കുട്ടി ഉപയോഗിച്ചിരുന്ന ഫോൺ രേഖകളും സൈബർ സംഘത്തിന്റെ സഹായത്തോടെ പരിശോധിച്ചു. ഒറ്റപ്പാലം, ഷൊർണൂർ, മംഗലാപുരം, കോഴിക്കോട്, മലപ്പുറം, കൊല്ലം, മൈസൂർ എന്നിവിടങ്ങളിൽ കുട്ടിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടന്നു.
മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾക്കും വിവരങ്ങൾ കൈമാറി രാജ്യവ്യാപകമായി തിരച്ചിൽ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി.
