പാനൂർ: ശ്രീകൃഷ്ണ ജയന്തി-ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ ഏഴ് മഹാശോഭായാത്രകൾ വർണാഭമായി നടന്നു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികളും പൗരാണിക വേഷങ്ങളിലുള്ള നിശ്ചലദൃശ്യങ്ങളും ശോഭായാത്രകൾക്ക് ഭക്തിനിർഭരമായ മനോഹാരിത പകർന്നു.
'മായവിട്ടുണരൂ... മാനവനാകൂ...' എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി പാനൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലായി അൻപതിലേറെ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനങ്ങൾ, വൈജ്ഞാനിക-കായിക മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഗോപൂജ, ഭജനസന്ധ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
വൈകിട്ട് നാലോടെ ഗോകുല പതാക കൈമാറിയും ഭദ്രദീപം തെളിയിച്ചും വിവിധ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾക്ക് തുടക്കമായി. ഗോപികാനൃത്തം, യോഗചാപ്, ഭജനസംഘങ്ങൾ, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ സാന്നിധ്യമറിയിച്ചു.
