പാനൂർ: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പാനൂർ പാലിയേറ്റീവിന്റെ സ്നേഹത്തണലിൽ കഴിയുന്ന മുൻ അധ്യാപകരായ കുഞ്ഞാമു മാഷ്, ഗോപാലൻ മാഷ്, കൃഷ്ണൻ മാഷ് എന്നിവരെ പ്രവർത്തകർ ഹൃദയപൂർവ്വം ആദരിച്ചു. മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആദരവ് സംഘടിപ്പിച്ചത്.
ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ കുഞ്ഞാമു മാഷിന് നിലവിൽ പാനൂർ പാലിയേറ്റീവ് കെയറിലൂടെയാണ് പരിചരണം നൽകുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഗോപാലൻ മാഷും കൃഷ്ണൻ മാഷും പാലിയേറ്റീവ് ഫിസിയോ തെറാപ്പി സെന്ററിന്റെ കെയറിലൂടെയാണ് ആശ്വാസവും ജീവിത പ്രതീക്ഷകളും കണ്ടെത്തുന്നത്.
അറിവും വഴികാട്ടിയും നൽകിയ ഗുരുനാഥന്മാരെ ജീവിതത്തിന്റെ സന്ധ്യയിലും സ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു പാലിയേറ്റീവ് പ്രവർത്തകർ. പാനൂർ പാലിയേറ്റീവ് ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും ആദരവ് ചടങ്ങിൽ പങ്കെടുത്തു.
