Zygo-Ad

ഇരട്ട ദേശീയ അംഗീകാരം നേടി ചൊക്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

 


ചൊക്ലി: മികച്ച സൗകര്യങ്ങളോടെ ചികിത്സാ രംഗത്ത് മാതൃകയായ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇരട്ട ദേശീയ അംഗീകാരം. 2026 മാർച്ച് മാസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 91.02% മാർക്ക് നേടി ദേശീയ ഗുണനിലവാര അംഗീകാരം (NQAS) ഈ സ്ഥാപനം കരസ്ഥമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിടുമ്പ്രം ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയാരോഗ്യ കേന്ദ്രവും ദേശീയ അംഗീകാരം നേടിയത്.

2026 ജൂലൈ 18-ന് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡോ. എം. എ. അനൂപ് (തമിഴ്നാട്), ഡോ. ഡി. ഐ. സുരേഷ് (ആന്ധ്രാപ്രദേശ്) എന്നിവരുടെ നേതൃത്വത്തിലാണ് നിടുമ്പ്രം സബ്സെന്ററിൽ പരിശോധന നടന്നത്. കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ച പട്ടികയിൽ സംസ്ഥാനത്ത് നിന്ന് ഇടംപിടിച്ച ഏഴ് ആരോഗ്യ സ്ഥാപനങ്ങളിൽ 95.34% മാർക്കോടെ ഒന്നാമതെത്തിയത് നിടുമ്പ്രം സബ്സെന്ററാണ്. എട്ട് മാസത്തിനുള്ളിലാണ് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തെ തേടി രണ്ടാം ദേശീയ അംഗീകാരവുമെത്തുന്നത്.

കേന്ദ്രം, സംസ്ഥാനം, ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവരുടെ സഹകരണവും ജീവനക്കാരുടെ ആത്മാർത്ഥമായ സേവനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. നിടുമ്പ്രം സബ്സെന്റർ പരിശോധനയ്ക്കായി ഒരുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ച് അകാലത്തിൽ അന്തരിച്ച എച്ച്. ഐ. ദീപലേഖയ്ക്ക് ഈ നേട്ടം സമർപ്പിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. നീതുവിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്



വളരെ പുതിയ വളരെ പഴയ