പാനൂർ: അകാലത്തിൽ പൊലിഞ്ഞ പ്രിയ അധ്യാപകന് നാടിൻ്റെ അന്ത്യാഞ്ജലി.
കഴിഞ്ഞ ദിവസം അന്തരിച്ച പാലത്തായി യു.പി സ്കൂൾ പ്രധാന അധ്യാപകനും സംഘടനാ നേതാവുമായ പി ബിജോയി (50) ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടെന്നാകെ ഒഴുകിയെത്തുകയായിരുന്നു.
ബിജോയിയെ അവസാനമായി ഒരു നോക്ക് കാണാൻ ശിഷ്യരും അധ്യാപകരും സഹപ്രവർത്ത കരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്.
പാലത്തായി യു.പി സ്കൂൾ അങ്കണത്തിൽ ഒരു മണിക്കൂറിലേറെ പൊതുദർശനത്തിന് വച്ചിരുന്നു. പലരും വിതുമ്പി കൊണ്ടാണ് അന്ത്യാഞ്ജലിയർപ്പിച്ചത്.
കുട്ടികാലത്ത് ഇതേ സ്കൂൾ അധ്യാപകനായിരുന്ന പത്മനാഭൻ മാസ്റ്ററുടെ കൈ പിടിച്ച് വിദ്യാർത്ഥിയായി എത്തിയ വിദ്യാലയത്തിൽ പ്രധാന അധ്യാപകനായി പിന്നീട് മാറുകയായിരുന്നു.
പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂൾ അങ്കണത്തിൽ ചേതനയറ്റ ശരീരമായി പ്രിയ അധ്യാപകൻ ബിജോയ് മാറിയപ്പോൾ വികാര നിർഭര രംഗങ്ങൾക്കാണ് കുട്ടിക്കാലം മുതൽ ബിജോയി കളിച്ചു നടന്ന സ്കൂൾ അങ്കണം സാക്ഷിയായത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാംസ്ക്കാരിക വിദ്യാഭ്യാസ പ്രവർത്തനകളിൽ സജീവ സാന്നിധ്യമായിരുന്നു. പാഠപുസ്തക കമ്മറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.എസ്.ടി എ കണ്ണൂർ ജില്ലാ ജോയൻ്റ് സെക്രട്ടറിയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാനൂർ മണ്ഡലം സെക്രട്ടറിയാണ്.
പിതാവ്: എം.കെ പത്മനാഭൻ മാസ്റ്റർ (റിട്ട. എച്ച്.എം പാലത്തായി യു.പി സ്കൂൾ, പാനൂർ നഗരസഭ മുൻ വൈസ് ചെയർമാൻ).
മാതാവ്: തങ്കം (റിട്ട അധ്യാപിക, പാലത്തായിയു.പി സ്കൂൾ).
ഭാര്യ: ഷമീന (അധ്യാപിക പാലത്തായി സ്കൂൾ)
മക്കൾ: അജ്ജസ് ജോയി (ബി.ടെക് വിദ്യാർത്ഥി, കുസാറ്റ്) അൻവിത ജോയി (പത്താം ക്ലാസ് വിദ്യാർത്ഥി, മൊകേരി രാജീവ് ഗാന്ധി മെമോറിയൽ സ്ക്കൂൾ).
സഹോദരങ്ങൾ: ശ്രേയ (അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ),,പരേതനായ ബിജിക്ക്.
