പാനൂർ: പാനൂരിനടുത്ത് മൊകേരി മുത്താറിപ്പീടികയിൽ എക്സൈസ് സംഘത്തിന് നേരെ മദ്യപസംഘം അതിക്രമം നടത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രമോദ് നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയപ്പോൾ, റോഡരികിൽ മദ്യപിക്കുകയായിരുന്ന സംഘം എക്സൈസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി.
എക്സൈസ് വിവരം ലഭിച്ചെത്തിയ പാനൂർ പൊലീസിനെയും സംഘം ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വിവരം. തുടർന്നാണ് എക്സൈസിൻ്റെ പരാതിയിൽ അഞ്ചുപേരെതിരെ കേസ് എടുത്തത്.
നേരത്തെയും പ്രതികൾക്കെതിരെ സമാനമായ പരാതികൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികളെയും ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്-എക്സൈസ് വിഭാഗങ്ങൾ വ്യക്തമാക്കി.