പാനൂർ :കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത്- ടൂറിസം- വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്ത്പറമ്പ് രക്ത സാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമല ദുരന്തത്തിന് ധന സഹായം നൽകുന്നതിൽ പോലും കേന്ദ്രത്തിലെ ബി ജെ പി സർക്കാർ കടുത്ത രാഷ്ട്രീയ വിരോധമാണ് കാണിച്ചത്. ചൂരൽമല ദുരന്തത്തിന് ശേഷം കാലവർഷക്കെടുതി സംഭവിച്ച സംസ്ഥാനങ്ങൾക്ക് നിവേദനം കൊടുക്കുക പോലും ചെയ്യാതെ തന്നെ കേന്ദ്ര സർക്കാർ ധന സഹായം നൽകിയ കാഴ്ചയാണ് നാം കാണുന്നത്. വായ്പ പരിധി നേർ പകുതിയാക്കി കുറച്ചും ഗ്രാൻ്റുകൾ വെട്ടി ക്യറച്ചും കേരള സർക്കാറിനെ കേന്ദ്രം ശ്വാസംമുട്ടിക്കുകയാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു. യോഗത്തിൽ
സംഘാടക സമിതി ചെയർമാൻ കെ .കെ സുധീർകുമാർ അധ്യക്ഷനായി. സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. പ്രകാശൻ, പാനൂർ ഏരിയ സെക്രട്ടറി കെ .ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ്, ബ്ലോക്ക് പ്രസിഡൻ്റ് എൻ .കെ റൂബിൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പിഎസ് സഞ്ജീവ്, കെ . ഷിനൻ്റു, രശ്മി കളത്തിൽ, എസ് . സുധീഷ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കെകെ രാജീവൻ സ്മാരക പുരസ്ക്കാരം ദേശാഭിമാനി പാലക്കാട് ചിറ്റൂർ ലേഖകൻ എസ് . സുധീഷും, അഖില കേരള ചിത്രരചന മൽസരത്തിൻ്റെ ഗോൾഡ് മെഡൽ കൊളശ്ശേരി പറക്കോട് അദ്വൈത് പി .പിയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
രാവിലെ ചമ്പാട് അരയാക്കൂലിൽ ഷിബുലാലിൻ്റെ സ്മൃതികുടീരത്തിലും, വൈകുന്നേരം പാനൂരിൽ കെകെ രാജീവൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു. തെക്കെ പാനൂർ രാജുമാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു യുവജനങ്ങളെ അണിനിരത്തി വൈറ്റ് വളണ്ടിയർ മാർച്ചോടെ നടന്ന ബഹുജന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു.