പാനൂർ: അച്ഛൻ എഴുതി വെച്ച അക്ഷര അറിവുകൾ പകർന്നു നൽകാൻ മകനെത്തിയത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.പാനൂർ സ്വദേശിയും പ്രമുഖ സാഹിത്യകാരനുമായ കെ. തായാട്ടിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ രചനയിൽ പിറന്ന ‘അജയ്യതയുടെ പ്രതീകം’ എന്ന പാഠഭാഗമാണ് മകനും നാടക പ്രവർത്തകനുമായ രാജേന്ദ്രൻ തായാട്ട് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. മുപ്പത് വർഷങ്ങളോളം കെ.തായാട്ട് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന പാനൂർ യു.പിയിലെ ആറാം ക്ലാസ്സിൽ അതിഥിയായി മകനെത്തി പാഠഭാഗം പഠിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി. തൻ്റെ പിതാവിനോടുള്ള സ്നേഹവായ്പ്പാണ് താൻ പകർന്നു നൽകിയതെന്ന് രാജേന്ദ്രൻ തായാട്ട് പറഞ്ഞു. അക്ഷരങ്ങളെ സ്നേഹിച്ച മനുഷ്യ സ്നേഹിയായ അച്ഛന്റെ പിറന്നാളിന് അച്ഛൻ പഠിപ്പിച്ച സ്ക്കൂളിൽ അച്ഛനെഴുതിയ അക്ഷരം പകർന്നു നൽകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും രാജേന്ദ്രൻ തായാട്ട് പറഞ്ഞു.കഥ, കവിത, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളിൽ 42 ഓളം രചനകൾ നിർവ്വഹിച്ച കെ.തായാട്ട് സാഹിത്യ മേഖലയിൽ മികച്ച പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്. നാം ചങ്ങല പൊട്ടിച്ച കഥ, ജനുവരി 30 എന്നീ കഥാ സമാഹാരങ്ങൾ ശ്രദ്ധേയമാണ്.