Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കടുത്ത ചൂടിൽ വെന്തുരുകി കണ്ണൂർ

കണ്ണൂർ:കണ്ണൂരിൽ ചൂട് വീണ്ടും കൂടി. കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാട്. പകൽ പുറത്തിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ കുറഞ്ഞു.

ചൂട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാൽ, രാവിലെ ഏഴ് മുതൽ തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്.

രാത്രിയിലും അത്യുഷ്ണം തുടരുന്നു. നല്ല വേനൽ മഴ ലഭിക്കാതെ ചൂടിന് കുറവ് ഉണ്ടാകില്ല. കണ്ണൂരിന്റെ മലയോര മേഖലയിലാണ് കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. 37.9 ആണ് കണ്ണൂരിൽ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില.

സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥ കേന്ദ്രങ്ങളിലെ കണക്ക് പ്രകാരം ആറളത്തും അയ്യൻകുന്നിലും 40 ഡിഗ്രി കടന്നു. അറബിക്കടലിലെ ചൂട് കൂടിയതാണ് അത്യുഷ്ണത്തിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകനും കണ്ണൂർ സർവകലാശാല അന്തരീക്ഷ പഠന വിഭാഗം മുൻ മേധാവിയുമായ ഡോ. എം കെ സതീഷ് കുമാർ പറയുന്നു.

അന്തരീക്ഷത്തിലെ ഈർപ്പവും കൂടി. കടലിൽ നിന്ന് കരയിലേക്കുള്ള കാറ്റ് ദുർബലവുമായി. കടലിലെ ചൂട് ഉയരുന്നത് കുറച്ച് നാളായി വലിയ പ്രശ്നമായി മാറുകയാണ്. വിശാലമായ കടൽ തണുക്കാനും സമയമെടുക്കും. രാത്രിയിൽ കടൽ തണുക്കുമ്പോൾ പുറത്ത് വരുന്ന താപം കാരണം രാത്രിയിലും അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നു.

ഈർപ്പം 70 ശതമാനത്തിന് മുകളിൽ എത്തിയതിനാൽ ചൂട് അന്തരീക്ഷത്തിൽ പിടിച്ച് നിർത്തപ്പെടുന്നത് അത്യുഷ്ണം അനുഭവപ്പെടുന്നതിന് മറ്റൊരു കാരണമാവുന്നു. അൾട്രാവയലറ്റ് രശ്മികളുടെ സൂചികയും ഉയർന്ന നിലയിലാണ്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..