Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കടം വാരിക്കൂട്ടുന്നതിൽ കേരളം പിൻനിരയിലെന്ന് റിസര്‍വ് ബാങ്ക്; മുന്നില്‍ തമിഴ്‌നാടും മഹാരാഷ്ട്രയും

കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ കടംവാരിക്കൂട്ടുകയാണെന്ന വിമര്‍ശനം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും ഉന്നയിക്കുന്നു.
കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കടുംവെട്ട് നടത്തുകയാണെന്നും സാമ്പത്തികമായി ഉപരോധിക്കുന്നതാണ് ഈ നടപടിയെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. കേരളവും കേന്ദ്രവും തമ്മില്‍ ഈ കടമെടുപ്പ് പരിധി സംബന്ധിച്ച പോര് സുപ്രീം കോടതിയില്‍ പോലുമെത്തി. എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് രാജ്യത്തെ വലിയ സംസ്ഥാനങ്ങള്‍ക്കിടയില്‍ കടമെടുപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം എന്നാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കണക്കുപ്രകാരം മൊത്തം കടമെടുപ്പില്‍ തമിഴ്‌നാടാണ് 91,001 കോടി രൂപയുമായി ഒന്നാംസ്ഥാനത്ത്. 80,000 കോടി രൂപ കടമെടുത്ത് മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമാണ്. ആന്ധ്രാപ്രദേശ് 68,400 കോടി രൂപയും ഉത്തര്‍പ്രദേശ് 61,350 കോടി രൂപയും കര്‍ണാടക 60,000 കോടി രൂപയുമാണ് കടമെടുത്തിട്ടുള്ളത്. രാജസ്ഥാന്‍ (59,049 കോടി രൂപ), ബംഗാള്‍ (52,910 കോടി രൂപ), ബിഹാര്‍ (44,000 കോടി രൂപ), പഞ്ചാബ് (42,386 കോടി രൂപ), തെലങ്കാന (41,900 കോടി രൂപ) എന്നിവയും കടമെടുപ്പില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..