Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂര്‍ വിമാനത്താവളത്തെ യാത്രക്കാര്‍ കൈവിടുന്നു, സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനകമ്പനികൾ .

കണ്ണൂർ : യാത്രക്കാരുടെ കുറവ് കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തിവെച്ചു.ദിവസവും പത്തുയാത്രക്കാരെപ്പോലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലഭിക്കാതെയായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.

വിമാനസര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സെക്ടറിലുളള വിമാനടിക്കറ്റ് ബുക്കിങും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ പ്രകാരം മെയ് മുതല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല.

പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറയില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരിലേക്ക് ദിനം പ്രതി രണ്ടുസര്‍വീസുകള്‍ നടത്തിവരുന്നുണ്ട്. മതിയായ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്. വിമാനയാത്ര നിരക്ക് കുത്തനെ കൂട്ടിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര യാത്രക്കാര്‍ കുറഞ്ഞു പോയത്. ചില സെക്ടറുകളില്‍ മൂന്ന് ഇരട്ടിയോളമാണ് കൂട്ടിയത്. എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2023- മാര്‍ച്ചില്‍1,95,888- പേരാണ് മാര്‍ച്ചില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്.

2024- മാര്‍ച്ചില്‍1,14,292- പേര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തതായാണ് കണക്കുകള്‍ പുറത്തുവരുന്നത്. 18,404- യാത്രക്കാരുടെ കുറവാണ് ഇവിടെ സംഭവിച്ചത്. ടിക്കറ്റ് നിരക്കാണ് ഇതിനു കാരണമായി ട്രാവല്‍ ഏജന്‍സികളും യാത്രക്കാരുടെ സംഘടനകളും ഇതിനു കാരണമായി പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ജിദ്ദയില്‍ നിന്നും കണ്ണൂരിലെത്താന്‍ 60,500 മുടക്കണമായിരുന്നു.

എന്നാല്‍ ഏപ്രില്‍ രണ്ടിന് അതു 55,000 രൂപയായും പത്തിന് അന്‍പതിനായിരം രൂപയായും കുറഞ്ഞു. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് ആനുപാതികമായി കൂടിയിട്ടുണ്ട്. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതിനാലാണ് തദ്ദേശിയരായ യാത്രക്കാര്‍ പോലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളെ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയതെന്നാണ് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..