Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്‌ന സാധ്യത ഉണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

അതിസുരക്ഷ പ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സി ആര്‍ പിഎഫും ദ്രുതകര്‍മ സേനയും കണ്ണൂരിൽ എത്തി.

കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്‌സഭ മണ്ഡലങ്ങളിലെ ചില നിയമസഭ മണ്ഡലങ്ങളിലാണ് അതിപ്രശ്‌ന സാധ്യത ബൂത്തുകൾ ഉള്ളത്. ജില്ലയിലെ 34 ബൂത്തുകള്‍ മാവോവാദി ഭീഷണിയും നേരിടുന്നുണ്ട്.

വടകര ലോക്‌സഭ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തളിപ്പറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, കാസര്‍കോട് മണ്ഡലത്തിലെ പയ്യന്നൂര്‍ മണ്ഡലങ്ങളിലാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍.

കേന്ദ്രസേനയെ വിന്യസിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കമ്പനി സി ആര്‍ പി എഫും രണ്ട് കമ്പനി ദ്രുതകര്‍മ സേനയും ജില്ലയിലെത്തി. ലോക്കല്‍ പോലീസുമായി ചേര്‍ന്ന് ഇവര്‍ റൂട്ട് മാര്‍ച്ച് നടത്തി. കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനി പോലീസും സ്ഥലത്തെത്തി.

ദ്രുതകര്‍മസേനയുടെ 831 സേനാംഗങ്ങള്‍ പിലാത്തറയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സായുധ പോലീസിന്റെ 91 അംഗ സംഘം മാവോവാദി സാന്നിധ്യ മേഖലയായ ആറളത്തെത്തി. ഐ ടി ബി പി പോലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തി.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..