Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ചുമ വില്ലനാകുന്നു.വിട്ടുമാറാത്ത ചുമയിൽ വിറങ്ങലിച്ച് കേരളം.

തിരുവനന്തപുരം:കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികള്‍ പടരുമ്പോള്‍ വിട്ടുമാറാത്ത ചുമയും വില്ലനാകുകയാണ്.നാട്ടിലിപ്പോള്‍ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയെന്ന മാറാവ്യാധിയെക്കുറിച്ചാണ്.
രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നില്‍ക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ചിട്ടും വിട്ടുമാറാതെ ശല്യം ചെയ്യുമ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല.

നെഞ്ചകം പിളർക്കും വിധം ചുമച്ച്‌ ചുമച്ച്‌ ദേഹം പോലും തളരുന്ന സ്ഥിതിയാണ് പല രോഗികള്‍ക്കും.

സാധാരണ ഗതിയില്‍ ഒരാഴ്ച മരുന്ന് കഴിച്ചാല്‍ ഏത് ചുമയും മാറുമായിരുന്നു. എന്നാലിപ്പോള്‍ കഫ് സിറപ്പ് അടക്കം മരുന്നുകള്‍ കഴിച്ചിട്ടും ദീർഘകാലം ചുമ നീണ്ടുനില്‍ക്കുന്നതിന്റെ കാരണമെന്തെന്ന് ഡോക്ടർമാർക്ക് പോലും മനസ്സിലാകുന്നില്ല. തൊണ്ടയിലെ അസ്വസ്ഥത മൂലമുണ്ടാകുന്നതാണ് ഇപ്പോഴത്തെ ചുമ. ഇത് ക്രമേണ അണുബാധയായി മാറാനുള്ള സാദ്ധ്യതയും തള്ളാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു.
ചുമബാധിച്ചെത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയിരുന്ന ഡോക്ടർമാരിപ്പോള്‍ രണ്ടാഴ്ചയിലേക്കും അതില്‍ കൂടുതല്‍ കാലത്തേക്കും മരുന്ന് കുറിച്ചു നല്‍കുകയാണ്. ഏതായാലും ആവശ്യത്തിലേറെ വില്പന നടക്കുന്നതിനാല്‍ മരുന്ന് കമ്പനികള്‍ക്കിത് കൊയ്ത്തുകാലമാണ്. പണ്ടുകാലത്ത് കുട്ടികള്‍ക്ക് ബാധിക്കുന്ന വില്ലൻചുമ നാട്ടില്‍ വില്ലനായി വിലസിയിരുന്നു. വാക്സിനേഷൻ മൂലം വില്ലൻചുമയെ വേരോടെ പിഴുതെറിഞ്ഞതാണ്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇപ്പോഴത്തെ ചുമ ഇടവിട്ട് വരുന്നതാണ്.

കാരണങ്ങൾ

കൊവിഡ് കാലത്ത് പനിയോടൊപ്പം ചുമയും വില്ലനായിരുന്നു. കൊവിഡ്കാലം മാറി വ‌ർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊവിഡിന്റെ വകഭേദമായ പനി പലർക്കും പിടിപെടുന്നുണ്ടെങ്കിലും അത്ര അപകടകാരിയല്ല. മരുന്ന് കഴിച്ചാല്‍ ഏതാനും ദിവസത്തിനകം പനി മാറുമെങ്കിലും ചുമയാണ് വിട്ടുമാറാതെ നീണ്ടു നില്‍ക്കുന്നത്. സാധാരണ ചുമയ്ക്ക് ആന്റിബയോട്ടിക് ഉപയോഗിക്കാതെ തന്നെ ശമനമുണ്ടാകും.എന്നാലിപ്പോഴത്തെ ചുമയ്ക്ക് രണ്ടോ മൂന്നോ കോഴ്സ് ആന്റിബയോട്ടിക്ക് വരെ ഡോക്ടർമാർ കുറിച്ചു നല്‍കുന്നു.

കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്ക് നിയന്ത്രിത അളവിലേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ എന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി ഒരാഴ്ചവരെയും ചുമ മൂന്നാഴ്ച വരെയും നീണ്ടു നില്‍ക്കാം. രോഗലക്ഷണത്തിനനുസൃതമായി ചികിത്സയും മരുന്നും സ്വീകരിക്കുന്നതിനു പകരം അസിത്രോമൈസിൻ, അമോക്സിക്ളേവ് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് നല്‍കുന്നതായി ഐ.എം.എ പറയുന്നു.

അമോക്സിസിലിൻ, നോർഫ്ളോക്സാസിൻ, ഓഫ്ളാക്സിൻ, ലെവോഫ്ളാക്സിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും രോഗികള്‍ കഴിക്കുന്നതായാണ് ഐ.എം.എയുടെ കണ്ടെത്തല്‍. നേരിയ പനി, ജലദോഷം, ബ്രോങ്കൈറ്റിസിലെ നേരിയ അണുബാധ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസർച്ചും (ഐ.സി.എം.ആർ) നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കുറിച്ചുനല്‍കുന്നത്.

കൊവിഡിന്റെ അനന്തരഫലമാണോ, കാലാവസ്ഥയിലെ വ്യതിയാനമാണോ, അന്തരീക്ഷത്തില്‍ ഏതെങ്കിലും അപകടകരമായ വാതകത്തിന്റെ സാന്നിദ്ധ്യമാണോ അതോ പുതിയ വകഭേദത്തില്‍പ്പെട്ട ഏതെങ്കിലും വൈറസാണോ ചുമയുടെ കാരണമെന്ന് ആർക്കും നിശ്ചയമില്ല.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..