Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം ഇന്ന്.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഡിസംബർ 01ന് ഹോട്ടൽ റോയൽ ഒമാർസിൽ നടക്കുമെന്ന് ഭാരവാഹികൾ .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്യും.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മുഖാന്തിരം 2025 നുള്ളിൽ കുളമ്പ് രോഗം നിയന്ത്രിക്കുന്നതിനും അതുവഴി 2030 ന് മുൻപ് ഇന്ത്യയിൽ നിന്നും കുളമ്പ് രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനുമാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
പാൽ, മാംസം എന്നിവയുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ ബൃഹത് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പശുക്കളിലെ കുളമ്പു രോഗ ബാധ വലിയ രീതിയിൽ ദോഷം ചെയ്യും പാലുത്പാദനം പൂർണ്ണമായും ഇല്ലാതാക്കുന്ന ഈ രോഗം നിർമ്മാർജ്ജനം ചെയ്യുന്നത് ക്ഷീരോത്പാദന മേഖലയുടെയും മാംസോത്‌പാദന മേഖലയുടെയും വളർച്ചക്ക് അനിവാര്യമാണ് .
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നാലാം ഘട്ട കുളമ്പ് രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ കന്നുകാലികലിൽ പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്നത്. 2023 ഡിസംബർ 01മുതൽ 27വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിൽ വാക്സിനേറ്റർമാർ വീടുകളിൽ എത്തി കുത്തിവെപ്പ് നടത്തും .
4 മാസത്തിന് മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ് നൽകുന്നത്. കണ്ണൂർ ജില്ലയിൽ 91706 പശുക്കളെയും 2446 എരുമകളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നു. കുത്തിവെപ്പ് ഇനത്തിൽ കർഷകരിൽ നിന്നും ഫീസ് ഈടാക്കുന്നില്ല. കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസുകൾ, ഇൻഷുറൻസ് വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ് എന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഡോ. പ്രശാന്ത്. വി, ഡോ. സിനി സുകുമാരൻ ,ഡോ. പി കെ പദ്മരാജ്,ഡോ. ആരമ്യ തോമസ്,ഡോ. കിരൺ വിശ്വനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..