പന്ന്യന്നൂർ പിഎച്ച്സിയിലെ ആശാവർക്കർ എം ഷജിന മരിച്ച സംഭവത്തിൽ, പരാതിയുമായി കുടുംബവും ആശാ വർക്കേഴ്‌സ് യൂണിയനും രംഗത്ത്. മരണത്തിനിടയാക്കിയ സംഭവം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂണിയൻ ജില്ലാ ഭാരവാഹികൾ പൊലീസിനെ സമീപിക്കും. മേലുദ്യോഗസ്ഥയുടെ മാനസിക പീഡനം മൂലമാണ് ഷജിന ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിൻ്റെ പരാതി. ഇതിനെ തുടർന്നാണ് വിഷയത്തിൽ യൂണിയൻ ഇടപെട്ടത്.
ഡിഎംഒ അടക്കമുള്ള ആരോഗ്യവകുപ്പ് അധികാരികൾക്ക് ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച പന്ന്യന്നൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകും. കഴിഞ്ഞ ജൂണിലാണ് ഷജിന ജീവനൊടുക്കിയത്. ആശാവർക്കർ എന്ന നിലയിലും പൊതുപ്രവർത്തക എന്ന നിലയിലും മികച്ച രീതിയിൽ പ്രവർത്തിച്ച ഷജിനയ്ക്ക്, ഔദ്യോഗികമായുണ്ടായ സമ്മർദം താങ്ങാൻ പറ്റാതായി.
മേലുദ്യോഗസ്ഥർ നിരന്തരം പീഡിപ്പിച്ചുവെന്ന് ഷജിന സഹപ്രവർത്തകരോട് വെളിപ്പെടുത്തിയിട്ടുണ്ടത്രെ.ആശുപത്രിക്കുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടക്കം ചെയ്യാൻ നിർബന്ധിച്ചു. ഇത്തരം നിരന്തരമായുണ്ടായ തൊഴിൽ സമ്മർദമാണ് മരണത്തിന് കാരണമായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
